രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് കോൺഗ്രസ് നേതാക്കൾ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന്റെ തകർപ്പൻ പ്രകടനത്തിന് കാരണക്കാരിലൊരാളായ രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ. ഇന്ത്യ സഖ്യത്തിൽ 99 സീറ്റുകൾ നേടിയ കോൺഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. പാർട്ടിയുടെ മുൻ അധ്യക്ഷൻ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുക്കണമെന്ന് സൂചിപ്പിച്ച് കോൺഗ്രസ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട മാണിക്കം ടാഗോർ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.
''എന്റെ നേതാവായി രാഹുൽ ഗാന്ധിയുടെ പേര് പറഞ്ഞാണ് ഞാൻ വോട്ട് തേടിയത്. അദ്ദേഹം ലോക്സഭയിൽ കോൺഗ്രസിന്റെ നേതാവാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ കോൺഗ്രസ് എം.പിമാരും ഇതുതന്നെയാകും ആഗ്രഹിക്കുന്നുണ്ടാവുക. കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ തീരുമാനമെന്താണെന്ന് കാത്തിരുന്ന് കാണാം. നമ്മുടേത് ജനാധിപത്യ പാർട്ടിയാണ്.''-എന്നാണ് ടാഗോർ കുറിച്ചത്. തമിഴ്നാട്ടിലെ വിരുധ്നഗർ ലോക്സഭ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
ഇതേ വികാരം കോൺഗ്രസ് രാജ്യസഭ എം.പി വിവേക് തങ്കയും പങ്കുവെച്ചു. ''രാഹുൽജിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം മുന്നിൽ നിന്ന് നയിച്ചത്. അദ്ദേഹമായിരുന്നു തെരഞ്ഞെടുപ്പിന്റെ മുഖം. പ്രതിപക്ഷ സ്ഥാനം ഏറ്റെടുക്കേണ്ടത് അദ്ദേഹത്തിന്റെ ചുമതലയാണ്. എന്നാൽ അദ്ദേഹത്തിന് ഒറ്റക്ക് തീരുമാനം എടുക്കാനാകില്ല. ചില തീരുമാനങ്ങൾ കൈക്കൊള്ളുന്നത് പാർട്ടി നേതാക്കളും എം.പിമാരും ഒന്നിച്ചാണ്. അതൊരു ഏകകണ്ഠമായ തീരുമാനമായിരുന്നു.''-എന്നാണ് വിവേക് കുറിച്ചത്.
രാഹുൽ പ്രതിപക്ഷ നേതാവാകണമെന്ന് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരവും ആവശ്യപ്പെട്ടു. പാർട്ടി നേതൃസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി തയാറാണെങ്കിൽ ആരാണ് എതിർക്കുകയെന്ന് ശിവസേന എം.പി സഞ്ജയ് റാവുത്ത് ചോദിച്ചു. ജനകീയ നേതാക്കളിൽ ഒരാളാണ് രാഹുൽ. നമുക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്. നാം അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. രാഹുൽ പ്രതിപക്ഷ നേതാവാകുന്നതിന് സഖ്യത്തിൽ ഒരെതിർപ്പുമുണ്ടാകില്ല.-റാവുത്ത് വാർത്താസമ്മേളനത്തിനിടെ പറഞ്ഞു.
2019ലാണ് രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞത്. 2004ൽ രാഷ്ട്രീയത്തിലേക്ക് വന്നതുമുതൽ ഒരുതരത്തിലുള്ള ഭരണഘടന പദവിയും രാഹുൽ വഹിച്ചിട്ടില്ല. പാർട്ടി അധികാരത്തിലിരുന്നപ്പോൾ പോലും. അടുത്തിടെ ബി.ജെ.പി നൽകിയ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ സുപ്രീംകോടതി വിധിക്കു ശേഷം രാഹുലിന്റെ എം.പി സ്ഥാനം പുനഃസ്ഥാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.