കത്തിൽ കുത്തി കോൺഗ്രസ്; പ്രവർത്തകസമിതിക്കിടെ നാടകീയ രംഗങ്ങൾ
text_fieldsന്യൂഡൽഹി: നേതൃമാറ്റം അടക്കം സമഗ്രമായ ഉടച്ചു വാർക്കൽ ആവശ്യപ്പെട്ട് രണ്ടു ഡസൻ നേതാക്കൾ എഴുതിയ കത്ത് അനവസരത്തിലെന്ന് കോൺഗ്രസ് നേതൃനിരയുടെ വിലയിരുത്തൽ. ആറു മാസമായി പലവിധ പ്രതിസന്ധി രാജ്യം നേരിടുേമ്പാൾ സർക്കാറിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്ന സോണിയ ഗാന്ധിക്കും രാഹുലിനുമെതിരായ പരാമർശങ്ങൾ തെറ്റായെന്ന് പ്രവർത്തകസമിതി നിരീക്ഷിച്ചു.
പ്രവർത്തകസമിതിക്കിടെ നാടകീയ രംഗങ്ങളാണ് ഉണ്ടായത്. ഇടക്കാല പ്രസിഡൻറ് സ്ഥാനം ഒഴിയുകയാണെന്ന് സോണിയ ഗാന്ധി പ്രവർത്തക സമിതിയുടെ തുടക്കത്തിൽ വ്യക്തമാക്കി. പുതിയ പ്രസിഡൻറിനെ കണ്ടെത്താനുള്ള നടപടി തുടങ്ങണമെന്ന് സോണിയ ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ പ്രതിരോധമന്ത്രി എ.കെ. ആൻറണി എന്നിവർ സോണിയ തുടരണമെന്ന് ആവശ്യപ്പെട്ടു.
രണ്ടു ഡസൻ നേതാക്കൾ കത്തെഴുതാൻ തെരഞ്ഞെടുത്ത സമയം ചോദ്യംചെയ്ത് രാഹുൽ ഗാന്ധി. ഡൽഹി ഗംഗാറാം ആശുപത്രിയിൽ സോണിയ അഡ്മിറ്റായ സമയത്താണ് ഇവർ കത്തെഴുതിയത്. രാജസ്ഥാനിൽ പാർട്ടി പ്രതിസന്ധി നേരിട്ട സന്ദർഭത്തിലുമായിരുന്നു കത്ത്. മാധ്യമങ്ങളിലല്ല, പ്രവർത്തകസമിതിയിലാണ് കാഴ്ചപ്പാടുകൾ ചർച്ച ചെയ്യേണ്ടതെന്നും രാഹുൽ പറഞ്ഞു. പ്രിയങ്ക ഗാന്ധിയും കത്തെഴുതിയവരെ വിമർശിച്ചു.
ബി.ജെ.പിയുമായി ഒത്തുകളിക്കുന്നവിധമായി കത്തെന്ന് രാഹുൽ കുറ്റപ്പെടുത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ബി.ജെ.പി ബന്ധം ആരോപിച്ചതിൽ ഗുലാം നബി ആസാദ്, കപിൽ സിബൽ എന്നിവർ ക്ഷുഭിതരായി. ബന്ധം തെളിയിച്ചാൽ രാജിവെക്കാമെന്ന് ഗുലാം നബി വികാരംകൊണ്ടു. സോണിയയെ ചോദ്യംചെയ്യുകയല്ല, സംഘടനാപരമായ ഉടച്ചുവാർക്കലാണ് ആവശ്യപ്പെടുന്നത്. അത് പാർട്ടിയുടെ വിശാല താൽപര്യം മുൻനിർത്തിയാണെന്നും ഗുലാം നബി വിശദീകരിച്ചു.
ബി.ജെ.പി ബന്ധം ആരോപിച്ച രാഹുലിനെ പരസ്യമായി ചോദ്യംചെയ്ത് കപിൽ സിബൽ ട്വീറ്റ് ചെയ്തു. രാജസ്ഥാൻ കോടതിയിൽ കോൺഗ്രസിനുവേണ്ടി വാദിച്ചത് എടുത്തുകാട്ടിയായിരുന്നു രാഹുലിനോടുള്ള നീരസം സിബൽ പ്രകടമാക്കിയത്. കഴിഞ്ഞ 30 വർഷത്തിനിടയിൽ ബി.ജെ.പിയെ ഏതെങ്കിലും വിഷയത്തിൽ അനുകൂലിച്ച് ഒരു പ്രസ്താവനപോലും നടത്തിയിട്ടില്ല. എന്നിട്ടിപ്പോൾ ബി.ജെ.പിയുമായി ഒത്തുകളിക്കുന്നുവെന്ന് പറയുന്നു -സിബൽ കുറ്റപ്പെടുത്തി.
രാഹുൽ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല വ്യക്തമാക്കി. മാധ്യമങ്ങളുെട തെറ്റായ പ്രചാരണത്തിൽ വീഴരുതെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരായ ട്വീറ്റ് സിബൽ ഒടുവിൽ പിൻവലിച്ചു. ബി.ജെ.പിയുമായി ഒത്തുകളിച്ചുവെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് രാഹുൽ തന്നെ അറിയിച്ചുവെന്ന വിശദീകരണവുമുണ്ടായി.
അതിനിടെ, നെഹ്റു കുടുംബാംഗങ്ങൾക്ക് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് പിന്തുണയെത്തി. എ.ഐ.സി.സി ആസ്ഥാനത്തിനു മുന്നിൽ സോണിയ, രാഹുൽ, പ്രിയങ്കമാരെ പിന്തുണക്കുന്ന മുദ്രാവാക്യങ്ങളുമായി പാർട്ടിപ്രവർത്തകരുമെത്തി.നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാൾ പ്രസിഡൻറായാൽ പാർട്ടി പിളരുമെന്ന് അവർ വിളിച്ചുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.