'രാജ്യത്ത് സാമൂഹ്യ അസ്വാസ്ഥ്യം ഉണ്ടാക്കരുത്'; ഫേസ്ബുക് സി.ഇ.ഒക്ക് കോൺഗ്രസിന്റെ കത്ത്
text_fields
ന്യൂഡൽഹി: ഇന്ത്യയിലെ ഫേസ്ബുക്ക്-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് കൂടുതൽ തുറന്നുകാട്ടാനൊരുങ്ങി കോൺഗ്രസ്. ഭരണകക്ഷിയായ ബി.ജെ.പിക്ക് സഹായകരമായി ഫേസ്ബുക്കിെൻറ ഇന്ത്യയിലെ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുവെന്ന ആരോപണം സംബന്ധിച്ച് എന്തു നടപടി എടുത്തുവെന്ന് ചോദിച്ച് സക്കർബർഗിന് കോൺഗ്രസ് വീണ്ടും കത്തയച്ചു.
ഇതു രണ്ടാം തവണയാണ് വിഷയത്തിൽ ഫേസ്ബുക്ക് മേധാവിക്ക് കോൺഗ്രസ് കത്തെഴുതുന്നത്. ഏറ്റവും ജനപ്രിയ സമൂഹമാധ്യമ കമ്പനിയും ഭരണകക്ഷിയും തമ്മിലെ ബന്ധം സംബന്ധിച്ച് സംയുക്ത പാർലമെൻററി സമിതി അന്വേഷണം നടത്തണമെന്നും കോൺഗ്രസ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വിഷയത്തിൽ സംയുക്ത പാർലമെൻററി സമിതി സമഗ്രവും നിഷ്പക്ഷവുമായ റിപ്പോർട്ട് പുറത്തിറക്കണമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര, എ.ഐ.സി.സി ഡേറ്റ അനലറ്റിക്സ് തലവൻ പ്രവീൺ ചക്രവർത്തി എന്നിവർ ആവശ്യപ്പെട്ടു.
ഫേസ്ബുക്കും ഇന്ത്യയിലെ ഭരണകക്ഷിയായ ബി.ജെപിയും തമ്മിലെ അവിശുദ്ധ ചങ്ങാത്തം സംബന്ധിച്ച്, വാൾസ്ട്രീറ്റ് ജേണലിനു പിന്നാലെ 'ടൈം' മാസികയും റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടെയാണ് പ്രതിപക്ഷ പാർട്ടി ആക്രമണത്തിന് മൂർച്ച കൂട്ടിയത്.
പുതിയ സംഭവവികാസങ്ങളിൽ ഫേസ്ബുക്കിെൻറയോ ബി.ജെ.പിയുടെയും പ്രതികരണം പുറത്തുവന്നിട്ടില്ല. വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നു വാദിച്ച് ഇരു വിഭാഗവും രംഗത്തുവന്നിരുന്നു.
ടൈം മാസികയുടെ റിപ്പോർട്ട് ഉദ്ധരിച്ച്, വാട്സ്ആപ്-ബി.ജെ.ബി കൂട്ടുകെട്ട് തുറന്നുകാണിക്കപ്പെടുന്നു എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്.
''40 കോടി ഇന്ത്യക്കാർ ഉപയോഗിക്കുന്ന, ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിന് പണമിടപാട് നടത്തുന്നതിനുള്ള അനുമതി മോദി സർക്കാറിൽനിന്ന് ലഭിക്കേണ്ടതുണ്ട്.അതുകൊണ്ടുതന്നെ വാട്സ്ആപ്പിനുമുകളിൽ ബി.ജെ.പിയുടെ പിടിയുണ്ട്.'' -രാഹുൽ ചൂണ്ടിക്കാട്ടി.
ബി.ജെ.പി നേതാക്കളുടെ വർഗീയ പരാമർശങ്ങൾ ഫേസ്ബുക്കിൽനിന്ന് നീക്കാൻ ഇന്ത്യയിലെ ഉദ്യോഗസ്ഥർ മടിക്കുന്നുവെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി ആഗസ്റ്റ് 17ന് കത്തയച്ച കാര്യവും എടുത്തുപറഞ്ഞ്, കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ശനിയാഴ്ച സക്കർബർഗിന് പുതിയ കത്തയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.