കോൺഗ്രസ് പഴയ നോട്ട്, ജനങ്ങൾക്ക് ഉപകാരമില്ല - അസം മുഖ്യമന്ത്രി
text_fieldsഅഗർതല: കോൺഗ്രസ് പഴയ നോട്ടുപോലെയാണെന്നും ജനങ്ങൾക്ക് ഉപകാരമില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ. കോൺഗ്രസ് പാർട്ടിയുടെ നിഷക്രിയത്വം മൂലം രാജ്യം 75 വർഷം പിന്നോട്ട് സഞ്ചരിച്ചു. രാജധാനി എക്സ്പ്രസിന് വേണ്ടി ത്രിപുര വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. അഗർത്തല നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവെയാണ് ബിശ്വ ശർമയുടെ പരാമർശം.
'കോൺഗ്രസ് പഴയ നോട്ടുകൾ പോലെയാണ്. ഒരു ഉപയോഗവും ഇല്ലാത്തതിനാൽ ആളുകൾ അത് തൊടാൻ ആഗ്രഹിക്കുന്നില്ല. കോൺഗ്രസ് ഭരണകാലത്ത് വികസനം കണ്ടിട്ടില്ലാത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അഭിവൃദ്ധിയിലേക്ക് നീങ്ങുകയാണെന്നും ബിശ്വശർമ പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ ഏതെങ്കിലും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതായി കേട്ടിട്ടുണ്ടോ . അസമായാലും ഉത്തർപ്രദേശായാലും ഉത്തരാഖണ്ഡിലായാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എല്ലാ ബാലറ്റുകളിലും ബിജെപി വിജയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ത്രിപുരയിലെ നാല് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ടു ചെയ്യാൻ ജനങ്ങളോട് അഭ്യർഥിച്ച അസം മുഖ്യമന്ത്രി ത്രിപുരയെ ഒരു പുതിയ-വികസിത സംസ്ഥാനമാക്കിമാറ്റാൻ 10 വർഷത്തെ സമയവും ആവശ്യപ്പെട്ടു.
ജൂൺ 23നാണ് നാല് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുക. ജൂൺ 26 ന് വോട്ടെണ്ണൽ നടക്കും. കോൺഗ്രസ് സ്ഥാനാർഥി സുദീപ് റോയ് ബർബാനെതിരെ മുതിർന്ന നേതാവായ അശോക് സിൻഹയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.