രാഹുലും പ്രിയങ്കയും മത്സരിക്കുമോ? അമേത്തി, റായ്ബറേലി കോൺഗ്രസ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ അവശേഷിക്കുന്ന രണ്ട് സീറ്റുകളിലെ സ്ഥാനാർഥികളെ കോൺഗ്രസ് ശനിയാഴ്ച പ്രഖ്യാപിക്കും.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ വൈകീട്ട് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നാണ് ഉത്തർപ്രദേശിലെ പാർട്ടി ശക്തികേന്ദ്രങ്ങളായ അമേത്തി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. മുമ്പ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിച്ചിരുന്ന മണ്ഡലങ്ങളാണ് അമേത്തിയും റായ്ബറേലിയും. അമേത്തിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. 317 ലോക്‌സഭ സീറ്റുകളിലേക്കാണ് കോൺഗ്രസ് ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ഇരുവരും നാമനിർദേശപത്രിക സമർപ്പിക്കുന്നതിനു മുമ്പായി അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2019ൽ അമേത്തിയിൽ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് 55,120 വോട്ടുകൾക്കാണ് രാഹുൽ പരാജയപ്പെട്ടത്. 2014ൽ ഒരു ലക്ഷത്തിൽപരം വോട്ടുകൾക്ക് രാഹുലിനായിരുന്നു വിജയം. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക മത്സരിക്കുകയാണെങ്കിൽ അവരുടെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടമാകും.
മേയ് 20ന് നടക്കുന്ന അഞ്ചാംഘട്ടത്തിലാണ് അമേത്തിയിലും റായ്ബറേലിയിലും വോട്ടെടുപ്പ് നടക്കുക. രാഹുൽ വയനാട് ലോക്സഭ മണ്ഡലത്തിലും മത്സരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.