പ്രതിമാസം 12,000 രൂപ വരെ വരുമാനം ഉറപ്പാക്കുമെന്ന് കോൺഗ്രസ് പ്രകടനപത്രിക
text_fieldsന്യൂഡൽഹി: അഞ്ചുകോടി ദരിദ്ര കുടുംബങ്ങൾക്ക് പ്രതിമാസം 6,000 രൂപവരെ ബാങ്ക് അക്കൗണ്ടില േക്ക് നേരിട്ട് നൽകി സ്ഥിരവരുമാനം ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് കോൺഗ്രസ്. പാർട്ടി അധികാരത്തിൽവന്നാൽ മിനിമം വരുമാനം ഉറപ്പുനൽകുന്ന ഇൗ പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ടുവെക്കുന്ന പ്രധാന വാഗ്ദാനമാണിത്. പ്രകടനപത്രികക്ക് അന്തിമ രൂപംനൽകാൻ എ.െഎ.സി.സി ആസ്ഥാനത്തു നടന്ന പ്രവർത്തക സമിതി യോഗത്തിനുപിന്നാലെയാണ് രാഹുൽ ഗാന്ധി വാർത്തസമ്മേളനത്തിൽ പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ട വോെട്ടടുപ്പിലേക്ക് നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന ദിവസമാണ് പ്രഖ്യാപനം.
ശരാശരി അഞ്ചുപേരുള്ള ഒരു കുടുംബത്തിന് പ്രതിവർഷം 72,000 രൂപ സർക്കാർ സഹായം ലഭ്യമാക്കുന്ന വിധമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി വിശദീകരിച്ചു. ജനസംഖ്യയുടെ 20 ശതമാനംവരുന്ന 25 കോടി ദരിദ്രർക്ക് കൈത്താങ്ങായി ഇതു മാറും. പ്രതിമാസം 12,000 രൂപയെങ്കിലും വരുമാനമില്ലാത്ത കുടുംബം രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പുസമയത്ത് മുന്നോട്ടുവെച്ച വാഗ്ദാനം കോൺഗ്രസ് അധികാരത്തിൽ വന്ന് ദിവസങ്ങൾക്കകം നടപ്പാക്കിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽവന്നാൽ ഇപ്പോൾ പ്രഖ്യാപിക്കുന്ന പദ്ധതി നടപ്പാക്കാൻ കഴിയുമെന്ന കാര്യത്തിൽ പാർട്ടിക്ക് സംശയമില്ല. വിദഗ്ധരുമായി മാസങ്ങൾനീണ്ട ചർച്ചകൾക്കും വിലയിരുത്തലിനുംശേഷമാണ് വാഗ്ദാനം മുന്നോട്ടുവെക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ രണ്ടു തരമാക്കുകയാണ് ചെയ്തത്. കോർപറേറ്റ് സമ്പന്നർക്കൊപ്പമാണ് അദ്ദേഹം. എന്നാൽ പിന്നാക്കക്കാരെ കൈപിടിച്ച് ഉയർത്തുകയെന്ന ലക്ഷ്യമാണ് കോൺഗ്രസിനുള്ളത്. 21ാം നൂറ്റാണ്ടിലും ദാരിദ്ര്യം തുടരുന്ന സ്ഥിതി അവസാനിക്കാനുള്ള നിർണായക പദ്ധതിയാണിതെന്ന് രാഹുൽ പറഞ്ഞു. ദാരിദ്ര്യത്തിനെതിരായ അന്തിമ പോരാട്ടമാണിത്. പ്രകടനപത്രികക്കൊപ്പം പദ്ധതിയുടെ പൂർണ വിശദാംശങ്ങൾ രണ്ടു മൂന്നു ദിവസത്തിനകം ലഭ്യമാക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല പറഞ്ഞു. യു.പി.എ സർക്കാർ തൊഴിലുറപ്പു പദ്ധതി നടപ്പാക്കിയതുപോലെ തന്നെ, ഇതും പ്രായോഗികമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.