കോൺഗ്രസിന്‍റെ പ്രകടന പത്രിക ചേരുന്നത് പാകിസ്താൻ തെരഞ്ഞെടുപ്പിന് -അസം മുഖ്യമന്ത്രി
text_fieldsദിസ്പൂർ: കോൺഗ്രസിന്‍റെ പ്രകടന പത്രിക ഇന്ത്യയിലെ തെരഞ്ഞെടുപ്പിനേകാൾ ചേരുന്നത് പാകിസ്താൻ തെരഞ്ഞെടുപ്പിനെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അധികാരത്തിലെത്താൻ വേണ്ടി സമൂഹത്തെ വിഭജിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
"ഇത് പ്രീണനത്തിന്‍റെ രാഷ്ട്രീയമാണ്, ഞങ്ങൾ അതിനെ അപലപിക്കുന്നു. ഇത് ഭാരതത്തിലെ തെരഞ്ഞെടുപ്പിന് വേണ്ടിയല്ല, പാകിസ്താന് വേണ്ടിയുള്ള പ്രകടന പത്രികയാണെന്ന് തോന്നുന്നു," -ജോർഹട്ട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജ്യത്ത് ഹിന്ദുവോ മുസ്ലിമോ ആരുംതന്നെ മുത്തലാഖ് പുനരുജ്ജീവിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ശൈശവ വിവാഹത്തെയോ ബഹുഭാര്യത്വത്തെയോ പിന്തുണക്കുന്നില്ലെന്നും ശർമ പറഞ്ഞു. സംസ്ഥാനത്തെ 14 ലോക്‌സഭ സീറ്റിലും ബി.ജെ.പി വിജയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിമന്ത് ബിശ്വ ശർമയെ പോലെയുള്ള ഒരാൾക്ക് കോൺഗ്രസ് പോലുള്ള ഒരു പാർട്ടിയുടെ മതേതര സ്വഭാവവും ധാർമികതയും മനസിലാകില്ലെന്നാണ് അസം കോൺഗ്രസ് പ്രതികരിച്ചത്. വർഷങ്ങളായി കോൺഗ്രസിലായിരുന്നെങ്കിലും പാർട്ടിയുടെ പ്രധാന തത്വം മനസിലാക്കാൻ ശർമക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് അദ്ദേഹം ബി.ജെ.പിയിലേക്ക് പോയതെന്ന് അസം കോൺഗ്രസ് വക്താവ് ബേദബ്രത ബോറ പറഞ്ഞു.
ഹിസേദാരി ന്യായ്, കിസാൻ ന്യായ്, യുവ ന്യായ്, നാരീ ന്യായ്, ശ്രമിക് ന്യായ് എന്ന് അഞ്ച് നീതി (പാഞ്ച് ന്യായ്) നടപ്പാക്കാനുള്ള 25 ഉറപ്പുകൾ (പച്ചീസ് ഗാരന്റി) ഉൾക്കൊള്ളിച്ചാണ് കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്. രാജ്യത്ത് സാമൂഹിക, സാമ്പത്തിക, ജാതി സെൻസസ് നടത്തുമെന്ന് പ്രകടനപത്രിക ഉറപ്പുനൽകുന്നു. ബി.ജെ.പിയിൽ ചേർന്ന് നിയമ നടപടികളിൽനിന്ന് രക്ഷപ്പെട്ടവർക്കെതിരായ കേസുകളിൽ അന്വേഷണം നടത്തുമെന്ന ഉറപ്പും പ്രകടന പത്രികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.