ചിന്ദ്വാരയിലെ കോൺഗ്രസ് മേയർ ബി.ജെ.പിയിൽ
text_fieldsഭോപ്പാൽ: കോൺഗ്രസ് നേതാവും ചിന്ദ്വാര മേയറുമായ വിക്രം അഹാകെ ബി.ജെ.പിയിൽ ചേർന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്‍റെയും സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ വി.ഡി.ശർമയുടെയും സാന്നിധ്യത്തിലാണ് വിക്രം അഹാകെ ബി.ജെ.പിയിൽ ചേർന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി മോഹൻ യാദവിന്‍റെയും പ്രവർത്തനങ്ങൾ, നയങ്ങൾ, ക്ഷേമപദ്ധതികൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായും ബി.ജെ.പി തങ്ങളെ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്‌തതിൽ സന്തോഷമുണ്ടെന്നും വിക്രം അഹാകെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥ് ചിന്ദ്വാരക്ക് വൻ നാശനഷ്ടം വരുത്തിയെന്ന് മോഹൻ യാദവ് ആരോപിച്ചു. വിക്രം അഹാകെ ബി.ജെ.പിയിൽ ചേർന്നത് കമൽനാഥിന്‍റെ മകനും കോൺഗ്രസ് നേതാവുമായ നകുൽ നാഥ് ആദിവാസി സമൂഹങ്ങൾക്ക് നേരെ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളെ തുടർന്നാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ കോൺഗ്രസിനെ തുണച്ച ഒരേഒരു മണ്ഡലമാണ് ചിന്ദ്വാര. നകുൽ നാഥാണ് ചിന്ദ്വാര എം.പി. നിലവിൽ ചിന്ദ്വാര നിയമസഭാ സീറ്റിൽ നിന്നുള്ള എം.എൽ.എയാണ് കമൽനാഥ്.
കഴിഞ്ഞയാഴ്ച ചിന്ദ്വാര ജില്ലയിലെ അമർവാഡയിൽ നിന്നുള്ള കോൺഗ്രസ് നിയമസഭാംഗവും കമൽനാഥിന്‍റെ അടുത്ത അനുയായിയുമായ കമലേഷ് ഷാ ബി.ജെ.പിയിൽ ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.