അവർ നുണയന്മാർ, വ്യാജ വാഗ്ദാനക്കാർ, വിഭജനമുണ്ടാക്കുന്നവർ; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി നരേന്ദ്ര മോദി
text_fieldsഗുവാഹത്തി: അസമിലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയായ കോൺഗ്രസിനെ രൂക്ഷമായി കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബൊകഘട്ടിൽ നടത്തിയ പൊതുപരിപാടിക്കിടെയാണ് മോദി കോൺഗ്രസിനെ നിശിതമായി വിമർശിച്ചത്.
''അസം 50 വർഷം ഭരിച്ചവർ വ്യാജ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ്. അവരുടെ ഉദ്ദേശം ജനങ്ങൾ തിരിച്ചറിയണം. അവർ വ്യാജ വാഗ്ദാനങ്ങൾ നൽകും, പാവങ്ങൾക്കായി സ്വപ്നങ്ങൾ വിൽക്കും, നുണകൾ പറയും. ഇതെല്ലാമാണ് അവരുടെ അധികാരത്തിൽ എത്താനുള്ള ഫോർമുല''.
''ബി.ജെ.പിയും എൻ.ഡി.എയും എല്ലാവർക്കുമായി പ്രവർത്തിക്കുന്നവരാണ്. കോൺഗ്രസിന് അധികാരമാണ് മുഖ്യം. കോൺഗ്രസിന്‍റെ ഖജനാവുകൾ കാലിയാണ്. അത് നിറക്കാനായി അവർ അധികാരത്തിലെത്താൻ ശ്രമിക്കും.''
''കോൺഗ്രസ് ഭരിക്കുേമ്പാൾ ജനങ്ങൾ അസമിൽ ബോംബ് സ്ഫോടനങ്ങളും തോക്കുകളും അക്രമവും ഇല്ലാത്ത കാലം വരുമെന്ന് നിനച്ചിരുന്നില്ല. പക്ഷേ എൻ.ഡി.എ സർക്കാർ സംസ്ഥാനത്ത് സമാധാനവും സുരക്ഷയും ഉറപ്പുവരുത്തി''.
''ഝാർഖണ്ഡിലും മഹാരാഷ്ട്രയിലും കൂടെ സഖ്യമുണ്ടാക്കിയവർ ബംഗാളിൽ അവർക്കെതിരെയാണ്. കേരളത്തിൽ അവർ ഇടതുപക്ഷത്തെ എതിർക്കുന്നു. പക്ഷേ ബംഗാളിൽ അധികാരത്തിനായി അവരുടെ കൂടെയാണ്. മതേതരർ എന്ന് സ്വയം വിളിക്കുന്ന കോൺഗ്രസ് അസമിലും ബംഗാളിലും കേരളത്തിലും വർഗീയ സംഘടനകളുമായി കൈകോർക്കുന്നു. കോൺഗ്രസിന് അധികാരത്തിലെത്തുന്നതിനേക്കാൾ പ്രധാന്യം മറ്റൊന്നിനുമില്ല'' -മോദി പറഞ്ഞു.
മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6 എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് അസമിൽ ഇക്കുറി തെരഞ്ഞെടുപ്പ്. ബി.ജെ.പിയും അസം ഗണ പരിഷത്തും ചേർന്ന എൻ.ഡി.എയും കോൺഗ്രസും എ.ഐ.യുഡി.എഫും ചേർന്ന മഹാസഖ്യവുമാണ് ഇക്കുറി മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.