'പരസ്യമായി പാർട്ടിയെ വിമർശിക്കാൻ പാടില്ല'; കോൺഗ്രസ് അംഗമാകാൻ പുതിയ മാനദണ്ഡങ്ങൾ
text_fieldsന്യൂഡൽഹി: പാർട്ടി അംഗത്വത്തിന് പുതിയ നിബന്ധനകൾ മുന്നോട്ടുവെച്ച് കോൺഗ്രസ് നേതൃത്വം. പുതുതായി അംഗത്വമെടുക്കാനാഗ്രഹിക്കുന്നവർ മദ്യവും മയക്കുമരുന്നും ഉപയോഗിക്കില്ലെന്നും പാർട്ടിയെ പരസ്യമായി വിമർശിക്കില്ലെന്നും സത്യം ചെയ്യണമെന്നാണ് നിബന്ധന. നിയമവിരുദ്ധമായി സ്വത്ത് സമ്പാദിക്കില്ലെന്നും സത്യപ്രസ്താവന നടത്തണം.
നവംബർ ഒന്നിന് ആരംഭിക്കുന്ന മെംബർഷിപ് കാമ്പയിനിെൻറ ഭാഗമായി വിതരണം ചെയ്യുന്ന ഫോറത്തിലാണ് ഇതുൾപ്പെടെ 10 നിബന്ധനകൾ കോൺഗ്രസ് ഉൾപ്പെടുത്തിയിരിക്കുന്നത്. താൻ പതിവായി ഖാദി നെയ്ത്തുകാരനാണെന്നും നേതൃത്വം ഏൽപിക്കുന്ന ഏതു പ്രവൃത്തിയും നടപ്പാക്കാൻ സന്നദ്ധമാണെന്നും സത്യം ചെയ്യണം.
അതോടൊപ്പം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പ്രവൃത്തിയിൽനിന്ന് വിട്ടുനിൽക്കുമെന്ന ഉറപ്പും നൽകിയാൽ മാത്രമേ പാർട്ടിയിൽ ഇനി മുതൽ അംഗത്വം ലഭിക്കൂ. പാർട്ടിയുടെയും ജനങ്ങളുടെയും ക്ഷേമവും പുരോഗതിയുമാണ് പുതിയ നിബന്ധനകളിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കോൺഗ്രസ് വിശദീകരണം.
ഭരണഘടന അനുശാസിക്കുന്ന സമാധാനപരമായ മാർഗത്തിലൂടെ മതേതര സമൂഹമെന്ന ലക്ഷ്യവും ഇതുവഴി പാർട്ടി മുന്നോട്ടുവെക്കുന്നു. നവംബർ ഒന്നിന് തുടങ്ങുന്ന മെംബർഷിപ് കാമ്പയിൻ അടുത്ത മാർച്ചിലാണ് അവസാനിക്കുക. ശേഷമായിരിക്കും സംഘടന തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.