കർണാടകയിൽ കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ചു; വിഭാഗീയത രൂക്ഷം
text_fieldsബംഗളൂരു: കർണാടകയിലെ സഖ്യസർക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കി രണ്ടു വിമത കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ചു. ബെള്ളാരിയിലെ വിജയനഗറിൽനിന്നുള്ള എം.എൽ.എ ആനന്ദ് സിങ്ങും വിമതനീക്കത്തിന് ചുക്കാൻപിടിച്ച ബെളഗാവിയിലെ ഗോഖകിൽനിന്നുള്ള എം.എൽ.എ രമേശ് ജാർക്കിഹോളിയുമാണ് തിങ്കളാഴ്ച രാജിവെച്ചത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അമേരിക്കയിൽ പോയതിനിടെയാണ് കോൺഗ്രസിലെ വിഭാഗീയത രൂക്ഷമാക്കി ഇരുവരുടെയും രാജി.
വിമതപക്ഷത്തുള്ള മഹേഷ് കുമത്തഹള്ളി, ബി.സി. പാട്ടീൽ, ജെ.എൻ. ഗണേഷ്, ബി. നാഗേന്ദ്ര തുടങ്ങി ഏഴോളം കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ചേക്കുമെന്നാണ് അഭ്യൂഹം. രാജി സൂചന നൽകിയ ബെളഗാവിയിലെ അത്താണിയിൽനിന്നുള്ള എം.എൽ.എ മഹേഷ് കുമത്തഹള്ളി ജില്ലക്ക് ഗുണം ചെയ്യുന്ന തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ചു. വിമത പക്ഷത്തെ നാലോളം എം.എൽ.എമാരെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് സൂചനയുണ്ട്.
തിങ്കളാഴ്ച രാവിലെ സ്പീക്കർ കെ. രമേശ്കുമാറിന് നേരിട്ട് രാജിക്കത്ത് നൽകിയശേഷം ഗവർണർ വാജുഭായ് വാലെക്കും ആനന്ദ് സിങ് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. ആദ്യം രാജി നിഷേധിച്ച സ്പീക്കർ ഉച്ചയോടെയാണ് സ്ഥിരീകരിച്ചത്. വൈകീട്ടോടെ രമേശ് ജാർക്കിഹോളിയും രാജിക്കത്ത് സ്പീക്കർക്ക് ഫാക്സായി അയച്ചു. എന്നാൽ, നേരിട്ട് നൽകാത്തതിനാൽ രമേശിെൻറ രാജി സ്പീക്കർ സ്ഥിരീകരിച്ചിട്ടില്ല.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങിയ രമേശ് ജാർക്കിഹോളിയുടെ രാജി പ്രതീക്ഷിച്ചതാണെങ്കിലും സർക്കാറുമായി സഹകരിച്ചിരുന്ന ആനന്ദ് സിങ്ങിെൻറ രാജി കോൺഗ്രസിന് കനത്ത ആഘാതമായി. ഇരുവരും ബി.ജെ.പിയിൽ ചേർന്നേക്കും. നേരേത്ത കോൺഗ്രസ് എം.എൽ.എ ഉമേഷ് ജാദവ് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇതോടെ സഖ്യസർക്കാറിൽ രാജിവെച്ചവരുടെ എണ്ണം മൂന്നായി.
ബെള്ളാരിയിലെ 3667.31 ഏക്കർ സ്ഥലം ഖനനത്തിനായി ഏക്കറിന് വെറും 1.20 ലക്ഷം രൂപക്ക് ജിൻഡാൽ സ്റ്റീലിന് നൽകാനുള്ള തീരുമാനത്തിലും ജില്ലയോടുള്ള അവഗണനയിലും പ്രതിഷേധിച്ചാണ് രാജിയെന്ന് ആനന്ദ് സിങ് പ്രതികരിച്ചു. രാജിക്കു പിന്നിൽ ഒാപറേഷൻ താമര അല്ലെന്നും ബി.ജെ.പി നേതാക്കളെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2008-13ലെ ബി.ജെ.പി സർക്കാറിൽ ടൂറിസം മന്ത്രിയായിരുന്നു ആനന്ദ് സിങ്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് കോൺഗ്രസിലെത്തുന്നത്.
സഖ്യസർക്കാറിൽ മന്ത്രിയായിരുന്ന രമേശിനെ പിന്നീട് മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. 225 (നോമിനേറ്റഡ് ഉൾപ്പെടെ) അംഗ നിയമസഭയിൽ കോൺഗ്രസ്-79, ജെ.ഡി.എസ്-37, ബി.എസ്.പി -01, സ്വത:-01, കെ.പി.ജെ.പി-01 എന്നിങ്ങനെ 119 പേരുടെ പിന്തുണയുള്ള സർക്കാറിെൻറ അംഗബലം രണ്ടുപേരുടെ രാജിയോടെ 117 ആയി കുറഞ്ഞു. ബി.ജെ.പി-105. കേവല ഭൂരിപക്ഷത്തിന് വേണ്ടത്113.
അതേസമയം, വിമത പക്ഷത്തുള്ള ബി. നാഗേന്ദ്ര, ബി.സി. പാട്ടീൽ, ജെ.എൻ. ഗണേഷ് എന്നിവരുമായും ഏതാനും കോൺഗ്രസ്, ജെ.ഡി.എസ് എം.എൽ.എമാരുമായും നേതൃത്വത്തിന് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ഇവരുടെ ഫോണുകൾ സ്വിച്ച് ഒാഫ് ആണെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.