ഗദ്ദം പ്രസാദ് കുമാർ തെലങ്കാന നിയമസഭയുടെ പുതിയ സ്പീക്കർ
text_fieldsഹൈദരാബാദ്: കോൺഗ്രസ് എം.എൽ.എ ഗദ്ദം പ്രസാദ് കുമാറിനെ തെലങ്കാന നിയമസഭ സ്പീക്കറായി തെരഞ്ഞെടുത്തു. ബി.ആർ.എസ്, ബി.ജെ.പി, എ.ഐ.എം.ഐ.എം, ഇടത് പാർട്ടികൾ പിന്തുണച്ചതോടെ കോൺഗ്രസ് സ്ഥാനാർഥി ഏകകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്. വികാരബാദിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എയാണ് ഗദ്ദം പ്രസാദ് കുമാർ.
2009ലാണ് ഗദ്ദം പ്രസാദ് കുമാർ ആദ്യമായി നിയമസഭാംഗമാകുന്നത്. 2012ൽ എൻ. കിരൺ കുമാർ റെഡ്ഡി മന്ത്രിസഭയിൽ ഹാന്‍റ്ലൂം ആൻഡ് ടെക്സ്റ്റൈൽസ് വകുപ്പിന്‍റെ മന്ത്രിയായിരുന്നു.
2014ൽ ആന്ധ്രാപ്രദേശ് വിഭജിച്ചതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ബി.ആർ.എസ് സ്ഥാനാർഥി ബി. സഞ്ജീവ് റാവുവിനോട് പരാജയപ്പെട്ടു. 2018ലെ തെരഞ്ഞെടുപ്പിൽ ബി.ആർ.എസിന്‍റെ തന്നെ എം. ആനന്ദിനോട് പരാജയപ്പെട്ടു.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഉപമുഖ്യമന്ത്രി മല്ലു ഭാട്ടി വിക്രമർക്, പാർലമെന്‍ററികാര്യ മന്ത്രി ഡി. ശ്രീധർ ബാബു, ബി.ആർ.എസ് വർക്കിങ് പ്രസിഡന്‍റ് കെ.ടി. രാമറാവു അടക്കമുള്ളവർ ബുധനാഴ്ച നടന്ന നാമനിർദേശ പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുത്തിരുന്നു.
തെലങ്കാന നിയമസഭയുടെ പ്രോടേം സ്പീക്കറായി എ.ഐ.എം.ഐ.എമ്മിലെ അക്ബറുദ്ദീൻ ഉവൈസിയെ തെരഞ്ഞെടുത്തതിനെതിരെ ബി.ജെ.പി എം.എൽ.എമാർ രംഗത്തു വന്നിരുന്നു. അക്ബറുദ്ദീനെ പ്രോടേം സ്പീക്കറാക്കിയതിൽ പ്രതിഷേധിച്ച് പുതിയ നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ സത്യപ്രതിജ്ഞ ചെയ്യാതെ ബി.ജെ.പിയുടെ എട്ട് എം.എൽ.എമാരും സഭ ബഹിഷ്കരിച്ചു.
ഹിന്ദു ദൈവങ്ങളോട് അനാദരവ് കാണിക്കുകയും ഹിന്ദുക്കളെ വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ടെന്നും അതിനാൽ അക്ബറുദ്ദീന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യില്ലെന്നും ബി.ജെ.പി എം.എൽ.എ ടി. രാജ സിങ് പ്രഖ്യാപിച്ചിരുന്നു. മുമ്പ് മുഹമ്മദ് നബിക്കെതിരെ മോശം പരാമർശനം നടത്തിയതിന് ജയിലിലായ ആളാണ് രാജ സിങ്.
നിയമസഭ തെരഞ്ഞെടുപ്പിൽ 119ൽ 64 സീറ്റ് പിടിച്ചാണ് തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയത്. 39 എം.എൽ.എമാരുള്ള ബി.ആർ.എസ് ആണ് പ്രധാന പ്രതിപക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.