കോൺഗ്രസ് എം.എൽ.എ ഇർഫാൻ അൻസാരിയുടെ പൂജ; അറസ്റ്റ് ആവശ്യവുമായി ബി.ജെ.പി എം.പി
text_fieldsറാഞ്ചി: ഝാർഖണ്ഡിലെ ദേവ്ഘറിലെ പ്രശസ്തമായ വൈദ്യനാഥ ക്ഷേത്രത്തിൽ കോൺഗ്രസ് എം.എൽ.എ ഇർഫാൻ അൻസാരി പൂജ നടത്തിയ സംഭവം വിവാദമായി. ക്ഷേത്രത്തിൽ അഹിന്ദുക്കൾ പ്രവേശനമില്ലെന്നും അൻസാരിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു.
ശിവന്‍റെ അനുഗ്രഹം തേടി കുട്ടിക്കാലം മുതൽ താൻ ക്ഷേത്ര സന്നിധിയിൽ എത്താറുണ്ടെന്നായിരുന്നു അൻസാരിയുടെ പ്രതികരണം. 'തെരഞ്ഞെടുപ്പ് കാലത്ത് ബാബാ ഭോലെയുടെ (ശിവൻ) അനുഗ്രഹം കൊണ്ട് ഞാൻ ജയിക്കാറുണ്ട്. എന്നെ ബാബയിൽ നിന്ന് അകറ്റാൻ നിഷികാന്ത് ദുബെ ആരാണ്?' -അൻസാരി ചോദിച്ചു.
'ബാബ ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് ഒരു അഹിന്ദുവും ഇതുവരെ പ്രവേശിച്ചിട്ടില്ല. മക്കയിലെ കഅ്ബയിൽ അമുസ്‌ലിംകൾക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നതുപോലെ ഹിന്ദുക്കളല്ലാത്തവർ ബാബാ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു' -നിഷികാന്ത് ദുബെ പറഞ്ഞു.
ഗോഡ്ഡയിയിൽ പുതുതായി പണികഴിപ്പിച്ച റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അൻസാരിയും ദുബെയും തമ്മിൽ ട്വിറ്ററിൽ വാക്പോര് നടത്തിയിരുന്നു.
കോവിഡിന്‍റെ പേര് പറഞ്ഞ് ഹേമന്ദ് സോറൻ സർക്കാർ റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം ഓൺലൈനാക്കി മാറ്റിയെന്നായിരുന്നു ദുബെയുടെ ആേരാപണം. എന്നാൽ എം.പിയുടെ വ്യാജ വാഗ്ദാനങ്ങളിൽ ജനം വീഴില്ലെന്നും ഗോഡ്ഡ റെയിൽ പ്രൊജക്ട് മുഖ്യമന്ത്രി സോറൻ തന്നെ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അൻസാരിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.