കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ പോകില്ല -സിദ്ധരാമയ്യ
text_fieldsബംഗളൂരു: കർണാടക സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച നിലപാട് ശക്തമാക്കി കോൺഗ്രസും ജെ.ഡി.എസും രംഗത്ത്. രാവിലെ ചേരുന്ന കോൺഗ്രസ്-ജെ.ഡി.എസ് പാർലമെന്‍ററി പാർട്ടി യോഗങ്ങൾക്ക് ശേഷം ഇരു വിഭാഗം എം.എൽ.എമാർ സംയുക്തമായി ഗവർണറെ കാണാനാണ് തീരുമാനം. എം.എൽ.എമാരുടെ പിന്തുണ ഗവർണറെ നേരിട്ടു ബോധ്യപ്പെടുത്താനാണ് ലക്ഷ്യം.
കർണാടകത്തിൽ സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. എല്ലാ സാധ്യതകളും പാർട്ടി സ്വീകരിക്കും. സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചില്ലെങ്കിൽ നിയമനടപടി അടക്കമുള്ളവ കൈക്കൊള്ളുമെന്നും വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ രൂപീകരണത്തിന് തടസമില്ലെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് പോകുന്ന സാഹചര്യം ഇപ്പോഴില്ല. അത്തരത്തിലുള്ള വാർത്തകൾ വ്യാജമാണ്. കോൺഗ്രസ് എം.എൽ.എമാരെ പാളയത്തിലേക്ക് കൊണ്ടുപോകാൻ ബി.ജെ.പി ശ്രമം നടത്തുന്നുണ്ടാകാം. അത്തരം നീക്കങ്ങൾ വിജയിക്കാൻ പോകുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
അതിനിടെ, ബി.ജെ.പിക്കൊപ്പം ചേരുമെന്ന പ്രചാരണം തള്ളി കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ രംഗത്തു വന്നു. കോൺഗ്രസ് എം.എൽ.എമാരെ റാഞ്ചാൻ ബി.ജെ.പി ശ്രമിച്ചാൽ തങ്ങളും കളിക്കുമെന്ന് ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. എം.എൽ.എമാരെ റാഞ്ചാൻ ബി.ജെ.പി നീക്കം നടത്തുന്നുവെന്ന വാർത്ത കോൺഗ്രസിലെ ലിംഗായത്ത് വിഭാഗം നിഷേധിച്ചു. പാർട്ടിയിലെ ലിംഗായത്ത് എം.എൽ.എമാർ തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാജ വാർത്തയാണിത്. കോൺഗ്രസിനൊപ്പം ഉറച്ചു നിൽക്കുന്നതായും എം.എൽ.എമാർ പറഞ്ഞു.
അതേസമയം, കോൺഗ്രസ് എം.എൽ.എമാർക്ക് ബി.ജെ.പി പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതായും റിപ്പോർട്ട്. ഇക്കാര്യം സ്ഥിരീകരിച്ച് കോൺഗ്രസ് എം.എൽ.എമാർ തന്നെ രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ വിജയിച്ച സ്വതന്ത്ര എം.എൽ.എ ആർ. ശങ്കർ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.