മോദി സർക്കാർ മഹാരാഷ്ട്രയോട് വിവേചനവും ശത്രുതയും കാണിക്കുന്നു -കോൺഗ്രസ്
text_fieldsമുംബൈ: മോദി സർക്കാർ മഹാരാഷ്ട്രയോട് വിവേചനവും ശത്രുതയും കാണിക്കുന്നുവെന്ന് കോൺഗ്രസ്. കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനം ഒന്നിലധികം സുപ്രധാന പദ്ധതികളിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നും തുടർച്ചയായി ഒഴിവാക്കപ്പെട്ടതായും കോൺഗ്രസ് ആരോപിച്ചു.
മഹാരാഷ്ട്രയെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികേന്ദ്രമാക്കുകയും മുംബൈയെ ആഗോള ഫിൻടെക് തലസ്ഥാനമാക്കുകയുമാണ് തന്‍റെ ലക്ഷ്യമെന്ന് ശനിയാഴ്ച മുംബൈയിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് പിന്നാലെയാണ് കോൺഗ്രസിന്‍റെ വിമർശനം.
"കഴിഞ്ഞ മുംബൈയിൽ സംസാരിക്കവെ, നോൺ-ബയോളജിക്കൽ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി, മഹാരാഷ്ട്രയെ ലോകത്തെ വലിയ സാമ്പത്തിക ശക്തികേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് അവകാശപ്പെട്ടു. മുംബൈയെ ആഗോള ഫിൻടെക് തലസ്ഥാനമാക്കുമെന്നും പറഞ്ഞു. ഇത് അദ്ദേഹത്തിന്‍റെ ട്രേഡ് മാർക്ക് നുണയാണ്. 200 വർഷമായി മുംബൈ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായിരുന്നിട്ടും, മുംബൈയിൽ ഐ.എഫ്.എസ്.സി സ്ഥാപിക്കാൻ മോദി പലതവണ വിസമ്മതിച്ചു. ഗുജറാത്തിൽ മാത്രമാണ് അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രം (ഐ.എഫ്.എസ്.സി) സ്ഥാപിച്ചത്. ഡോ. മൻമോഹൻ സിങ് 2006ൽ മുംബൈയിൽ ഇത് സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു" -കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്സ് പോസ്റ്റിൽ പറഞ്ഞു.
ബാന്ദ്ര കുർള കോംപ്ലക്‌സിലെ സ്ഥലവും ഐ.എഫ്.എസ്.സിക്കായി നീക്കിവച്ചിരുന്നു. എന്നാൽ അത് ബുള്ളറ്റ് ട്രെയിനിനായി മാറ്റി അനുവദിച്ചു. ഇത് മുംബൈക്ക് 2 ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. മറാത്തിയെ ക്ലാസിക്കൽ ഭാഷയായി പ്രഖ്യാപിക്കാൻ കഴിഞ്ഞ പത്ത് വർഷമായി മോദി തുടരുന്ന വിസമ്മതവും വിവേചനത്തിന് മറ്റൊരു തെളിവാണെന്ന് ജയറാം രമേശ് ആരോപിച്ചു.
വജ്ര വ്യവസായത്തെ സൂറത്തിലേക്ക് മാറ്റാൻ ശ്രമിച്ചത്, ടാറ്റ-എയർബസ് നിർമാണ പ്ലാന്‍റ്, വേദാന്ത-ഫോക്‌സ്‌കോൺ ചിപ്പ് ഫാക്ടറി പോലുള്ള വ്യാവസായിക പദ്ധതികൾ മാറ്റാൻ ശ്രമിച്ചത്. ടെക്‌സ്റ്റൈൽ കമീഷണറേറ്റ് ഓഫിസ്, ദത്തോപന്ത് തേങ്ങാടി നാഷനൽ ബോർഡ് ഫോർ വർക്കേഴ്‌സ് എജ്യുക്കേഷൻ ആൻഡ് ഡെവലപ്‌മെന്‍റ് തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ മാറ്റം എന്നിവയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.