കേന്ദ്ര മന്ത്രി നിഷിത് പ്രമാണിക് ബംഗ്ലാദേശിയെന്ന്; അന്വേഷണത്തിന് പ്രധാനമന്ത്രിക്ക് കത്തെഴുതി കോൺഗ്രസ് എം.പി
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് പിന്നാലെ കേന്ദ്ര മന്ത്രി നിഷിത് പ്രമാണിക്കിന്‍റെ ഇന്ത്യൻ പൗരത്വത്തെ ചോദ്യം ചെയ്ത് കോൺഗ്രസും രംഗത്ത്. അസമിൽ നിന്നുള്ള കോൺഗ്രസ് എം.പി റിപുൺ ബോറയാണ് പ്രമാണിക്ക് ഇന്ത്യൻ പൗരനാണോ അതോ ബംഗ്ലാദേശിയാണോ എന്ന് അന്വേഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.
'നിഷിത് പ്രമാണിക്കിന്‍റെ യഥാർഥ ജന്മസ്ഥലത്തെക്കുറിച്ചും പൗരത്വത്തെ കുറിച്ചും സുതാര്യമായി അന്വേഷണം നടത്തണം. രാജ്യമെമ്പാടും ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ മുഴുവൻ പ്രശ്നങ്ങളിലും വ്യക്തതത വരുത്തണമെന്ന് അഭ്യർഥിക്കുന്നു'-ബോറ മോദിയോട് ആവശ്യപ്പെട്ടു.
ബംഗാളിലെ കുച്ച്ബിഹാറിൽ നിന്നുള്ള എം.പിയായ പ്രമാണിക് തൃണമൂൽ കോൺഗ്രസ് അംഗമായിരുന്നു. 2019 ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി.ജെ.പിയിലേക്ക് കൂടുമാറിയത്. കേന്ദ്രമന്ത്രിയായതിന് പിന്നാലെ പ്രമാണിക്കിനെ അഭിനന്ദിച്ച് ഒരു ബംഗ്ലാദേശി ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. 'ബംഗ്ലദേശിന്‍റെ പുത്രൻ' എന്നാണ് പോസ്റ്റിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ഒരു വിദേശ പൗരൻ കേന്ദ്രമന്ത്രിയാണെന്നത് ആശങ്കാജനകമാണെന്നും ഇത് വ്യക്തമാക്കുന്നതിനായി അന്വേഷണം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കത്തിൽ ആവശ്യപ്പെട്ടതായും ബോറ ട്വിറ്ററിൽ കുറിച്ചു.
ബംഗ്ലാദേശിലെ ഗായ്ബന്ധ ജില്ലയിലെ പലസ്ബാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹരിനാഥ്പുരിലാണ് പ്രമാണിക് ജനിച്ചതെന്നാണ് റിപ്പോർട്ടുകൾ. കമ്പ്യൂട്ടർ പഠനത്തിനായാണ് പ്രമാണിക് പശ്ചിമ ബംഗാളിൽ എത്തിയതെന്ന് ബോറ പറഞ്ഞു. കമ്പ്യൂട്ടർ ബിരുദം കരസ്ഥമാക്കിയ ശേഷം തൃണമൂലിൽ ചേരുകയും പിന്നീട് ബി.ജെ.പിയിൽ എത്തുകയുമായിരുന്നുവെന്ന് ബോറ ആരോപിച്ചു.
എന്നാൽ വാദങ്ങൾ നിഷേധിച്ച പ്രമാണികുമായി അടുത്ത വൃത്തങ്ങൾ അദ്ദേഹം ഇന്ത്യയിലാണ് ജനിച്ച് വളർന്നതെന്ന് അവകാശപ്പെട്ടു. വിവാദങ്ങളിൽ ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്ൈസറ്റിൽ മന്ത്രിമാരുടെ പട്ടികയിൽ പ്രമാണിക്കിന്‍റെ പേരും ചിത്രങ്ങളും കാണുന്നില്ലെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. വെബ്സൈറ്റിലെ 'എബൗട്ട് അസ്' സെക്ഷനിൽ സഹമന്ത്രിമാരുടെ പട്ടികയിൽ നിത്യാനന്ദ റായ്യുടെയും അജയ്കുമാർ മിശ്രയുടെയും പേര് വിവരങ്ങൾ മാത്രമേ ഉള്ളൂ. റായ് നേരത്തെ മന്ത്രിസഭയിൽ ഉണ്ടെങ്കിലും മിശ്ര ജൂലൈ ഏഴിന് നടന്ന മന്ത്രിസഭ പുന:സംഘടനയിൽ ഇടംനേടി വന്നയാളാണ്.
പ്രമാണിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കൂടെ കായിക യുവജനക്ഷേമ വകുപ്പ് സഹമന്ത്രിയുമാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെന്നാണ് പ്രമാണികിന്‍റെ ട്വിറ്റർ, ഫേസ്ബുക്ക് ബയോയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കായിക യുവജനക്ഷേ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ അദ്ദേഹത്തിന്‍റെ പേര് വിവരങ്ങളുണ്ട്.
ഇത്തരം ആരോപണങ്ങൾ പ്രതിപക്ഷം സ്ഥിരം ഉന്നയിക്കുന്നതാണെന്നും അവ തെളിയിക്കാൻ തെളിവ് കൊണ്ടുവരേട്ടയെന്ന് ബംഗാൾ ബി.ജെ.പി വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. 2019 ലോക്സഭ, 2021 ബംഗാൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിൽ ബംഗാളിലെ ദിൻഹാതയിലെ മേൽവിലാസമാണ് പ്രമാണിക് നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.