ആവിയായി വിലക്കയറ്റ ചർച്ച, ലോക്സഭയിൽ പ്രതിപക്ഷ ഇറങ്ങിപ്പോക്ക്; മാന്ദ്യം വരില്ലെന്ന് ധനമന്ത്രി
text_fieldsന്യൂഡൽഹി: കോവിഡ്, യുക്രെയ്ൻ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് പോവില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ലോകത്ത് അതിവേഗം വളരുന്ന ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ ഇപ്പോഴും ഇന്ത്യ തന്നെ.
വിലക്കയറ്റം ദുഃസ്ഥിതി യു.പി.എ കാലത്തേക്കാൾ ഭേദമാണെന്നും ന്യായീകരിച്ച ധനമന്ത്രി നിർമല സീതാരാമന്റെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷ പാർട്ടികൾ ലോക്സഭയിൽ ഇറങ്ങിപ്പോക്ക് നടത്തി. വിലക്കയറ്റത്തെക്കുറിച്ച ചർച്ചക്ക് മറുപടി പറയുമ്പോഴാണ് മെച്ചപ്പെട്ട സമ്പദ്സ്ഥിതിയെക്കുറിച്ച അവകാശവാദങ്ങൾ മന്ത്രി മുന്നോട്ടുവെച്ചത്.
വിലക്കയറ്റ ചർച്ച ആവശ്യപ്പെട്ട് രണ്ടാഴ്ച പാർലമെന്റ് സ്തംഭിപ്പിച്ച പ്രതിപക്ഷം, മറുപടി കേൾക്കാൻ നിൽക്കാതെ ഇറങ്ങിപ്പോക്കു നടത്തുന്നത് വിരോധാഭാസമാണെന്ന് നിർമല സീതാരാമൻ കുറ്റപ്പെടുത്തി. ധിക്കാരവും അസഹിഷ്ണുതയും നിറഞ്ഞ മറുപടികളല്ലാതെ, തങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മന്ത്രി വ്യക്തമായ മറുപടി നൽകിയില്ലെന്ന് വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കൾ പറഞ്ഞു.
ജി.എസ്.ടി നിരക്കു വർധന കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിൽ യോഗത്തിലെ സമവായത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പാക്കിയതെന്ന് നിർമല സീതാരാമൻ ആവർത്തിച്ചു. പാക്കറ്റ് സാധനങ്ങൾക്കല്ലാതെ, ചില്ലറയായി വിൽക്കുന്ന ഭക്ഷ്യസാധനങ്ങൾക്ക് ജി.എസ്.ടി ചുമത്തിയിട്ടില്ല. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രസർക്കാറിനെ മാതൃകയാക്കി പെട്രോൾ, ഡീസൽ നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകണം.
ചൈനയിൽ 4000ത്തോളം ബാങ്കുകൾ പാപ്പരാകുന്നതിന്റെ വക്കിലാണെങ്കിൽ, ഇന്ത്യയിൽ ബാങ്കുകളുടെ കിട്ടാക്കടം ആറു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തോതിലാണ്. മൊത്ത ആഭ്യന്തര ഉൽപാദനവുമായി തട്ടിച്ചുനോക്കിയാൽ പല രാജ്യങ്ങളിലും മൂന്നക്കത്തിലാണ്. എന്നാൽ, ഇന്ത്യയിൽ 56 ശതമാനത്തിനടുത്താണെന്ന് മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.