ഇൻഡ്യ സഖ്യത്തിന്റെ ഭാവിയെന്താണെന്ന് കോൺഗ്രസ് വ്യക്തമാക്കണം; ഇന്ദ്രപ്രസ്ഥം കീഴടക്കാമെന്ന പാർട്ടി മോഹം പൊലിഞ്ഞു -ശിവസേന
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന. ശനിയാഴ്ച നടന്ന കോൺഗ്രസ് യോഗത്തിൽ ഇൻഡ്യ സഖ്യത്തിന്റെ ഭാവിയെ കുറിച്ച് ചർച്ച നടത്താത്തതിലാണ് കോൺഗ്രസ് വിമർശനം. വരാനിരിക്കുന്ന ബിഹാർ, ഗുജറാത്ത്, പശ്ചിമബംഗാൾ തെരഞ്ഞെടുപ്പുകളിൽ ഒറ്റക്ക് മത്സരിച്ചാൽ കനത്ത തിരിച്ചടിയുണ്ടാവുമെന്ന മുന്നറിയിപ്പും ശിവസേന കോൺഗ്രസിന് നൽകി.
പാർട്ടിയുടെ മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലിലാണ് ശിവസേന വിമർശനംഉന്നയിച്ചത്. അഹമ്മദാബാദിൽ നടന്ന സമ്മേളനത്തിൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ മാത്രമാണ് കോൺഗ്രസ് ചർച്ച ചെയ്തത്. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഇൻഡ്യ സഖ്യത്തിന്റെ ഭാവിയെന്താണെന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അത് സംബന്ധിച്ച പ്രഖ്യാപനം കോൺഗ്രസിന്റെ അഹമ്മദാബാദ് സമ്മേളനത്തിൽ ഉണ്ടായില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.
ഇൻഡ്യ സഖ്യത്തിന് എന്താണ് സംഭവിച്ചത്. അത് ഭൂമിക്കടിയിൽ കുഴിച്ചിട്ടോ. അതോ വായുവിൽ അപ്രത്യക്ഷമായോ എന്നെല്ലാം അറിയാൻ ആളുകൾക്ക് ആഗ്രഹമുണ്ട്. കോൺഗ്രസാണ് ഇതിന് മറുപടി നൽകേണ്ടതെന്നും ശിവസേന വ്യക്തമാക്കി.
ഇൻഡ്യ സഖ്യത്തിലെ പാർട്ടികളായ രാഷ്ട്രീയ ജനത ദൾ, ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾക്കെതിരെ മത്സരിക്കുന്നതിനെതിരെയും പാർട്ടി രംഗത്തെത്തി. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളാണ് പല തെരഞ്ഞെടുപ്പുകളിലും പരാജയത്തിന് കാരണമായത്. ഇന്ദ്രപ്രസ്ഥം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ഡൽഹിയിൽ ഒറ്റക്ക് മത്സരിച്ചത്. എന്നാൽ, അവർ പരാജയപ്പെടുകയായിരുന്നുവെന്നും ശിവസേന ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.