പോരാട്ടം ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി; സുനിത കെജ്‌രിവാളിനെ സന്ദർശിച്ച് കനയ്യകുമാർ
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി (എ.എ.പി) അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാളിനെ സന്ദർശിച്ച് കോൺഗ്രസിന്‍റെ നോർത്ത് ഈസ്റ്റ് ഡൽഹി സ്ഥാനാർഥി കനയ്യകുമാർ. ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടിയാണ് എ.എ.പിയും കോൺഗ്രസും പോരാടുന്നതെന്ന് കൂടികാഴ്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നിലനിൽക്കുന്ന ഏകാധിപത്യത്തിനെതിരെയാണ് തങ്ങൾ പോരാടുന്നതെന്നും ഒരുമിച്ച് ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കനയ്യകുമാർ പറഞ്ഞു.
എ.എ.പിയുടെയും കോൺഗ്രസിന്‍റെയും സംയുക്ത പ്രചാരണത്തെക്കുറിച്ച് ചർച്ച നടന്നോ എന്ന ചോദ്യത്തിന്, ഡൽഹിയിലെ സീറ്റുകളിൽ മാത്രമല്ല, 543 സീറ്റുകളിലും ഇൻഡ്യ മുന്നണിയിലെ പാർട്ടികൾ മത്സരിക്കുന്നുണ്ടെന്നും തങ്ങൾ ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
'ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജയിലിലടച്ചു. സുപ്രീംകോടതി വിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവന്ന് ഡൽഹിയിലെ ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തു. ഡൽഹിയിലെ ജനങ്ങൾ അപമാനിക്കപ്പെട്ടു' -കനയ്യകുമാർ പറഞ്ഞു.
ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് അരവിന്ദർ സിങ് ലവ്‌ലി രാജിവച്ചതിന്‍റെ പ്രത്യാഘാതത്തെ കുറിച്ചും അദ്ദേഹത്തിന്‍റെ സ്ഥാനാർഥിത്വത്തെ വിമർശിച്ചതിനെ കുറിച്ചുമുള്ള ചോദ്യത്തിന്, തെരഞ്ഞെടുപ്പുകാലത്ത് ഇത്തരം സംഭവങ്ങൾ പുതിയ കാര്യമല്ല എന്നായിരുന്നു കനയ്യയുടെ മറുപടി.
അതേസമയം, ഡൽഹിയിൽ എ.എ.പിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതിലെ അതൃപ്തി പരസ്യമാക്കി അരവിന്ദർ സിങ് ലവ്‌ലി ഡൽഹി കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെച്ചതിന് തൊട്ടുപിന്നാലെ മുൻ കോൺഗ്രസ് എം.എൽ.എമാരായ നീരജ് ബസോയയും നസീബ് സിങ്ങും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. തങ്ങളുടെ രാജിക്കും കോൺഗ്രസിന്‍റെയും എ.എ.പിയുടെയും സഖ്യമാണ് കാരണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ച കത്തിൽ ഇരു നേതാക്കളും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.