ബാബരി മസ്ജിദ് ഹിന്ദുക്കള്‍ക്ക് തുറന്നു നല്‍കിയതിന് ഉത്തരവാദി രാജീവ് ഗാന്ധിയല്ല- മണി ശങ്കർ അയ്യർ
text_fieldsന്യൂഡല്‍ഹി: ബാബരി മസ്ജിദിന്റെ വാതിലുകള്‍ ഹിന്ദുക്കള്‍ക്ക് തുറന്നു നല്‍കിയതിന് ഉത്തരവാദി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ. അത് കോണ്‍ഗ്രസാണെന്നും ബി.ജെ.പി 'നിയോഗിച്ച' അരുണ്‍ നെഹ്‌റുവാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നരസിംഹ റാവുവിന്റെ സ്ഥാനത്ത് രാജീവ് ഗാന്ധി ആയിരുന്നു പ്രധാനമന്ത്രിയെങ്കില്‍ മസ്ജിദ് ഇപ്പോഴും ഉണ്ടാവുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് തീരുമാനത്തെ മണി ശങ്കർ അയ്യർ അഭിനന്ദിച്ചു. 'ദ രാജീവ് -ഐ ന്യൂ ആൻഡ് വൈ ഹി വാസ് ഇന്ത്യാസ് മോസ്റ്റ് മിസ്അണ്ടർസ്റ്റുഡ് പ്രൈംമിനിസ്റ്റർ' എന്ന തന്‍റെ പുസ്തക പ്രകാശനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മസ്ജിദ് നിലനിർത്തുകയും ക്ഷേത്രം പണിയുകയും വേണം എന്നതായിരുന്നു രാജീവിന്റെ ഉള്ളില്‍. വര്‍ഷങ്ങള്‍ക്ക് ശേഷം സുപ്രീം കോടതി എത്തിയ നിലപാടിലേക്ക് രാജീവ് ഗാന്ധി അന്നേ എത്തിയിരുന്നു. എൻ.ഡി.എ പരാജയപ്പെട്ട ശേഷം 10 വർഷം കോൺഗ്രസ് ഭരണമായിരുന്നു. അതിന്‍റെ അവസാനത്തിൽ കാര്യങ്ങൾ വളരെ മോശമായിരുന്നു. തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്ത ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നതിന്‍റെ ഫലമായാണ് ആ ശൂന്യതയിലേക്ക് മോദിയുടെ ബി.ജെ.പി വന്നത്- അദ്ദേഹം പറഞ്ഞു.
1986ല്‍ ലോക്‌സഭയില്‍ നാനൂറിലേറെ സീറ്റുകളുടെ പിന്തുണയുണ്ടായിരുന്ന രാജീവ് ഗാന്ധിക്ക് മുസ്‍ലിംകളെ പ്രീണിപ്പിക്കേണ്ട ആവശ്യമോ ഹിന്ദു വികാരം മുതലെടുക്കേണ്ട കാര്യമോ ഉണ്ടായിരുന്നില്ല. തീരുമാനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അരുണ്‍ നെഹ്‌റുവാണ്. ലഖ്നോവില്‍ പഠിച്ചയാളായതിനാൽ അവിടുത്തെ പ്രാദേശിക പ്രശ്‌നം മാത്രമായിരുന്ന അത് അരുണ്‍ നെഹ്‌റുവിന്റെ ഉള്ളില്‍ ഉണ്ടായിരുന്നെന്നും മണി ശങ്കർ അയ്യർ പറഞ്ഞു.
പാര്‍ട്ടിയിലെ സ്വാധീനം ഉപയോഗിച്ചാണ് അരുണ്‍ നെഹ്റു വീര്‍ ബഹാദൂര്‍ സിങ്ങിനെ മുഖ്യമന്ത്രിയാക്കിയത്. വീര്‍ ബഹാദൂര്‍ സിങ് ആദ്യം ചെയ്തത് അയോധ്യയില്‍ പോയി വി.എച്ച്. പി നേതാവ് ദേവകി നന്ദന്‍ അഗര്‍വാളിനെ കാണുകയായിരുന്നു. അഗര്‍വാള്‍ നല്‍കിയ നിവേദനത്തിന്റെ പേരിലാണ് പൂട്ടു തുറന്നത്.
1986 ഫെബ്രുവരി ഒന്നിന് ഫൈസാബാദിലെ ജില്ല സെഷൻസ് ജഡ്ജിയുടെ മുമ്പാകെ വിഷയം വന്നപ്പോൾ പൂട്ടുകൾ ആവശ്യമില്ലെന്ന് ജില്ല മജിസ്‌ട്രേറ്റും സീനിയർ പൊലീസ് സൂപ്രണ്ടും സ്ഥിരീകരിച്ചു. പൂട്ട് തുറന്നപ്പോൾ മനഃപൂർവം തടിച്ചുകൂടിയ ഹിന്ദു സന്യാസികൾ അകത്തേക്ക് കയറി. രാജീവ് ഗാന്ധിക്ക് അതൊന്നും അറിയില്ലായിരുന്നു. രാജീവ് ഗാന്ധി അറിഞ്ഞാല്‍ സമ്മതിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ ഇതെല്ലാം അദ്ദേഹത്തില്‍നിന്നു മറച്ചുവച്ചെന്നും മണി ശങ്കർ അയ്യർ പറഞ്ഞു. കോളമിസ്റ്റും ജനതാദൾ നേതാവുമായിരുന്നു അരുൺ നെഹ്റു. കോൺഗ്രസ് ടിക്കറ്റിൽ റായ്ബറേലിയിൽ നിന്ന് എം.പിയായ അദ്ദേഹം പിന്നീട് ബി.ജെ.പിയിൽ ചേരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.