കിരണ്‍ബേദി പുതുച്ചേരി വിടാൻ കോണ്‍ഗ്രസ് നേതാക്കൾ ഉപവസിച്ചു
text_fieldsചെന്നൈ: ലഫ്റ്റനൻറ് ഗവര്‍ണര്‍ കിരണ്‍ബേദി പുതുച്ചേരി വിടണമെന്നും അവരെ പദവിയില്‍ നിന്ന് നീക്കണമെന്നും ആവശ്യെപ്പട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരസമരം ഇരുന്നു. സർക്കാറിനോട് ആലോചിക്കാതെ ബി.ജെ.പി നേതാക്കളായ മൂന്നു അംഗങ്ങളെക്കൂടി നിയമസഭയില്‍ ഉള്‍പ്പെടുത്തിയ ബേദിയുടെ നടപടിയില്‍ പ്രതിഷേധം കത്തുകയാണ്. കോൺഗ്രസ് പുതുച്ചേരി ഘടകം പ്രസിഡൻറും പൊതുമരാമത്ത് മന്ത്രിയുമായ എ. നമശിവായം, സാമൂഹികക്ഷേമ മന്ത്രി എം. കന്ദസ്വാമി, വ്യവസായമന്ത്രി എം.ഒ.എച്ച്.എഫ്. ഷാജഹാന് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഉപവാസത്തില്‍ എം.എല്‍.എമാരും പങ്കെടുത്തു.
കഴിഞ്ഞവര്‍ഷം ലഫ്റ്റനൻറ് പദവി ഏറ്റെടുത്തശേഷം കിരണ്‍ബേദി സര്‍ക്കാറിന് അനഭിമതയായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇപ്പോള്‍ മൂന്നു എം.എല്‍.എമാരെ രഹസ്യമായി സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച നടപടി ജനാധിപത്യവിരുദ്ധമാണെന്നും എ. നമശിവായം ആരോപിച്ചു. ലഫ്റ്റനൻറ് ഗവര്‍ണറെ പുതുച്ചേരിയില്‍ നിന്ന് ഉടന്‍ തിരിച്ചുവിളിക്കണമെന്നും കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ശനിയാഴ്ച ഡി.എം.കെയുടെയും ഇടതുപക്ഷത്തിെൻറയും വി.സി.കെയുടെയും നേതൃത്വത്തില്‍ മാഹി ഉൾപ്പെട്ട പുതുച്ചേരിയില്‍ ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസും ഇതിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ബി.ജെ.പി പുതുച്ചേരി ഘടകം പ്രസിഡൻറ് വി. സ്വാമിനാഥന്, ട്രഷറര്‍ കെ.ജി.ശങ്കര്‍, സംഘ്പരിവാർ അനുകൂലിയായ വിദ്യാഭ്യാസപ്രവര്ത്തകന് എസ്. ശെല്‍വഗണപതി എന്നിവരെയാണ് കിരണ്‍ ബേദി രഹസ്യ സത്യപ്രതിജ്ഞ ചടങ്ങൊരുക്കി അധികാരത്തിലേറ്റിയത്.
ഈ നടപടിയെ ജനാധിപത്യം കൊലചെയ്യപ്പെട്ടു എന്നാണ് മുഖ്യമന്ത്രി വി. നാരായണസ്വാമി വിശേഷിപ്പിച്ചത്. അതേസമയം, തെൻറ പ്രവൃത്തി നിയമാനുസൃതമാണെന്നാണ് കിരണ്‍ബേദിയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.