500 രൂപക്ക് ഗ്യാസ് സിലിണ്ടർ; കുടുംബനാഥക്ക് 10,000 രൂപ; രാജസ്ഥാനിൽ വാഗ്ദാനം പ്രഖ്യാപിച്ച് ഗെഹ്ലോട്ട്
text_fieldsരാജസ്ഥാനിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ 1.05 കോടി കുടുംബങ്ങൾക്ക് 500 രൂപക്ക് പാചകവാതകം. കുടുംബനാഥക്ക് പ്രതിവർഷം 10,000 രൂപ പാരിതോഷികം. സ്ത്രീ വോട്ടർമാരെ ഏറെ സ്വാധീനിക്കാൻ പോന്ന ഈ വാഗ്ദാനം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് പ്രഖ്യാപിച്ചത്.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തിയ ജുൻജുനുവിലായിരുന്നു ഗെഹ്ലോട്ടിന്റെ പ്രഖ്യാപനം. കുടുംബത്തെ നയിക്കുന്ന സ്ത്രീകൾക്ക് പ്രതിവർഷം ഗഡുക്കളായി 10,000 രൂപ നൽകുന്ന പദ്ധതിയെ ‘ഗൃഹലക്ഷ്മി ഗാരന്റി’ എന്നാണ് ഗെഹ്ലോട്ട് വിളിച്ചത്. ഗ്യാസ് സിലിണ്ടറിന് 1100ൽപരം രൂപ കൊടുക്കേണ്ട നിലവിലെ ചുറ്റുപാടിൽ, പകുതിയിൽ താഴെ വിലക്ക് പാചകവാതകം നൽകുമെന്ന പ്രഖ്യാപനം സ്ത്രീകളെ ഒന്നുകൂടി സന്തോഷിപ്പിക്കും.
സ്ത്രീ വോട്ടിൽ ഉന്നംവെക്കുന്നതായിരുന്നു ജുൻജുനുവിലെത്തിയ പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം. കേന്ദ്രസർക്കാറിന്റെ പദ്ധതി വാഗ്ദാനങ്ങൾ പൊള്ളയാണെന്ന് പ്രിയങ്ക പറഞ്ഞു. ജനപ്രതിനിധി സഭകളിൽ മൂന്നിലൊന്ന് വനിതാ സംവരണം കൊണ്ടുവരുമെന്നാണ് ഇപ്പോഴത്തെ പ്രലോഭനം. എന്നാൽ, അടുത്ത 10 വർഷം കൊണ്ട് ഇത് നടപ്പാക്കാൻ കഴിയുമോ? പ്രിയങ്ക ചോദിച്ചു. കോൺഗ്രസ് പ്രഖ്യാപനങ്ങൾ നടത്തുക മാത്രമല്ല, അവ യാഥാർഥ്യമാക്കാൻ ശ്രദ്ധിക്കുക കൂടി ചെയ്യുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മതവും ജാതിയും ചർച്ചക്കെടുത്തിട്ട് വോട്ടുതട്ടാനാണ് ബി.ജെ.പി എക്കാലവും ശ്രമിക്കുന്നത്. ജനങ്ങളെ അടിച്ചമർത്താനും നോക്കുന്നു. അധികാരത്തിൽ തുടരാനും സ്വന്തം ഭാവി ഭദ്രമാക്കാനുമാണ് ബി.ജെ.പി എന്നും നോക്കുന്നത്. കേന്ദ്രഭരണം വിരലിലെണ്ണാവുന്ന ചില വ്യവസായികൾക്ക് വേണ്ടിയാണെന്നും ജനം നേരിടുന്ന വിഷയങ്ങൾ കണക്കിലെടുക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.
രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് എന്തുകൊണ്ടാണ് പറയാത്തത് എന്ന ചോദ്യവുമായാണ് ബി.ജെ.പി പ്രിയങ്കയെ നേരിട്ടത്. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ നടന്ന കുറ്റകൃത്യങ്ങൾ രണ്ടു ലക്ഷമാണ്. കോൺഗ്രസിന്റെ രാഷ്ട്രീയ ടൂറിസം വിഭാഗം അതു കാണുന്നില്ല -ബി.ജെ.പി ദേശീയ വക്താവ് രാജ്യവർധൻ റാത്തോഡ് കുറ്റപ്പെടുത്തി.
ധോൽപുർ എം.എൽ.എ കോൺഗ്രസിൽ
രാജ്യസഭ തെരഞ്ഞെടുപ്പിൽ മറുകണ്ടം ചാടി വോട്ടു ചെയ്തതിന് രാജസ്ഥാനിൽ ബി.ജെ.പി പുറത്താക്കിയ ധോൽപുർ എം.എൽ.എ ശോഭാറാണി കുശ്വാഹ മറ്റു മൂന്നുപേർക്കൊപ്പം കോൺഗ്രസിൽ. ദേശീയ വനിത കമീഷൻ മുൻ അധ്യക്ഷ മമത ശർമയും കോൺഗ്രസിൽ എത്തിയവരിൽ ഉൾപ്പെടും. ജുൻജുനുവിൽ നടന്ന പൊതുയോഗത്തിൽ നാലു നേതാക്കളെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പി.സി.സി പ്രസിഡന്റ് ഗോവിന്ദ്സിങ് ദൊത്താസ്ര എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.