കോൺഗ്രസിനും പാകിസ്താനും ഒരേ അജണ്ട; വിമർശനവുമായി അമിത് ഷാ
text_fieldsന്യൂഡൽഹി: പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ പരാമർശങ്ങളോട് രൂക്ഷമായി പ്രതികരിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. ജമ്മുകശ്മീരിൽ ആർട്ടിക്കൾ 370 വീണ്ടും കൊണ്ടു വരുന്നത് സംബന്ധിച്ച് ആസിഫിന്റെ പ്രതികരണത്തിനായിരുന്നു അമിത് ഷായുടെ മറുപടി. ആർട്ടിക്കൾ 370നെ കോൺഗ്രസും ജമ്മുകശ്മീർ നാഷണൽ കോൺഫറൻസും പിന്തുണക്കുന്നതിനെ സംബന്ധിച്ച് പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന കോൺഗ്രസിനും പാകിസ്താനും ഒരേ നിലപാട് ആണെന്നാണ് തെളിയിക്കുന്നതാണെന്നും അമിത് ഷാ പറഞ്ഞു. എക്സിൽ ഹിന്ദിയിലായിരുന്നു അമിത് ഷായുടെ പോസ്റ്റ്.
സർജിക്കൽ സ്ട്രൈക്കിനെ സംശയിച്ചും ഇന്ത്യൻ സൈന്യത്തെ വിമർശിച്ചും കോൺഗ്രസും രാഹുൽ ഗാന്ധിയും പാകിസ്താനൊപ്പമാണെന്ന് നിരന്തരമായി തെളിയിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. എപ്പോഴും ദേശവിരുദ്ധ ശക്തികളോടൊപ്പമാണ് ഇവരുടെ കൂട്ടുകെട്ടെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാറാണ് കേന്ദ്രം ഭരിക്കുന്നതെന്ന് കോൺഗ്രസും പാകിസ്താനും മറന്നു പോയെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസും-നാഷണൽ കോൺഫറൻസും തമ്മിലുളള സഖ്യം അധികാരത്തിലെത്തിയാൽ ആർട്ടിക്കൾ 370 പുനഃസ്ഥാപിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു പാകിസ്താൻ പ്രതിരോധമന്ത്രിയുടെ പരാമർശം.
ജിയോ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിന് പിന്നാലെ കോൺഗ്രസിനും നാഷണൽ കോൺഫറൻസിനുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി അമിത് ഷാ രംഗത്തെത്തുകയായിരുന്നു. അതേസമയം, ആർട്ടിക്കൾ 370 പുനഃസ്ഥാപിക്കുന്നതിൽ കോൺഗ്രസ് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. എന്നാൽ, പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാണ് നാഷണൽ കോൺഫറൻസിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.