കോൺഗ്രസിെൻറ ദുഃസ്ഥിതിക്ക് മുതിർന്ന നേതാക്കളെ പഴിച്ച് യുവ നേതാക്കൾ
text_fieldsന്യൂഡൽഹി: നരേന്ദ്രമോദി നയിക്കുന്ന സർക്കാറിനെയും ബി.ജെ.പിയേയും നേരിടാൻ തന്ത്രങ്ങൾ പരതുന്ന കോൺഗ്രസിനുള്ളിൽ വീണ്ടും മൂപ്പിളമ പോര്. പാർട്ടിയുടെ ഇന്നത്തെ ദുഃസ്ഥിതിക്ക് മുതിർന്ന നേതാക്കളെ പഴിച്ച് യുവ നേതാക്കൾ. പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയവരെ പുതുതലമുറ നേതാക്കൾ അവമതിക്കുന്നതിെൻറ രോഷവുമായി മുതിർന്ന നേതാക്കൾ.
ഇടക്കാല പ്രസിഡൻറ് സോണിയ ഗാന്ധി വിളിച്ച രാജ്യസഭയിലെ പാർട്ടി അംഗങ്ങളുടെ യോഗം ഇത്തരമൊരു വാക്പ്പയറ്റിന് വേദിയായത് കോൺഗ്രസിൽ വലിയ ചർച്ചയായിട്ടുണ്ട്. മൻമോഹൻസിങ് മന്ത്രിസഭയുടെ കഴിവുകേടാണ് പാർട്ടിയെ ഇത്തരമൊരു ദുഃസ്ഥിതിയിലേക്ക് നയിച്ചതെന്നു വരെ യുവനേതാക്കൾ പറഞ്ഞുവെച്ച യോഗത്തിൽ മൻമോഹൻസിങ്ങും ഉണ്ടായിരുന്നു.
എന്നാൽ അദ്ദേഹം മൗനം പാലിച്ചു. രാജീവ് സതവ്, കെ.സി. വേണുഗോപാൽ എന്നിവരാണ് യുവനിരയുടെ വക്താക്കളായി സംസാരിച്ചത്. മുൻകേന്ദ്രമന്ത്രിമാരായ കപിൽ സിബൽ, പി. ചിദംബരം എന്നിവരെയാണ് ഇവർ നേരിട്ടത്. യൂത്ത് കോൺഗ്രസ് മുൻ പ്രസിഡൻറും ഗുജറാത്തിെൻറ പാർട്ടി ചുമതലക്കാരനുമാണ് രാജീവ് സതവ്. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയാണ് രാജസ്ഥാനിൽ നിന്ന് ഈയിടെ രാജ്യസഭാംഗമായ കെ.സി. വേണുഗോപാൽ. ഇരുവരും രാഹുൽ ഗാന്ധിയുമായി ഏറെ അടുപ്പമുള്ളവർ.
മൻമോഹൻസിങ് നയിച്ച സർക്കാറിനെതിരെ ഇരുവരും നടത്തിയത് ആസൂത്രിത ആക്രമണമാണെന്ന് മുതിർന്ന നേതാക്കൾക്കിടയിൽ ആക്ഷേപമുണ്ട്. പാർട്ടി പുനഃസംഘടന നടക്കുന്നതിനു മുമ്പായി മുതിർന്ന നേതാക്കളെ അവമതിച്ച് ഒതുക്കാനാണ് യുവനിര ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തലുണ്ട്. മൂപ്പിളമ പോര് തുടരുന്നതാണ് രാഹുൽ ഗാന്ധി പ്രസിഡൻറ് സ്ഥാനത്തേക്ക് തിരിച്ചുവരുന്നത് വൈകിപ്പിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മോദി സർക്കാറിെൻറ മോശം പ്രവർത്തനവും വീഴ്ചകളും പൂർണമായി മുതലാക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നാണ് കപിൽ സിബലും പി. ചിദംബരവും യോഗത്തിൽ പറഞ്ഞത്. നിലവിലെ സ്ഥിതിയെക്കുറിച്ച് നേതാക്കൾ ആത്മപരിശോധന നടത്തണമെന്ന് കപിൽ സിബൽ പറഞ്ഞു. രണ്ടാം യു.പി.എ സർക്കാറിെൻറ കാലത്തെ പിഴവുകൾ പാർട്ടിയുടെ ദുഃസ്ഥിതിക്ക് കാരണമാണെന്നിരിക്കേ, അന്നു മുതലുള്ള കാര്യങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് രാജീവ് സതവ് പറഞ്ഞു.
താഴെത്തട്ടിൽ പ്രവർത്തകരെ സജീവമാക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും സംഘടനാ തലത്തിൽ കൂടുതൽ ശക്തി ആർജിക്കണമെന്നും പി. ചിദംബരം പറഞ്ഞു. എന്നാൽ, സംഘടനാപരമായ പോരായ്മകൾ പൊടുന്നനെ ഉണ്ടായതല്ലെന്നും കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പാർട്ടിക്ക് പലതും ചെയ്യാനായെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
അതേസമയം, രാഹുലിെൻറ ഉപദേശകർക്കുള്ള മിടുക്കിൽ മുതിർന്ന നേതാക്കൾ സംശയം പ്രകടിപ്പിച്ചു. മുതിർന്നവരെ മാറ്റിനിർത്തിയുള്ള പുനഃസംഘാടനം ആത്മഹത്യാപരമായിരിക്കുമെന്ന മുന്നറിയിപ്പും യോഗ ശേഷം മുതിർന്ന നേതാക്കൾ നൽകുന്നുണ്ട്. ഈ ശീതസമരം അടുത്ത ദിവസങ്ങളിൽ ശക്തമായെന്നു വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.