പാർട്ടി തഴയുന്നത് വേദനിപ്പിച്ചുവെന്ന് എസ്.എം. കൃഷ്ണ
text_fieldsബംഗളൂരു: പ്രായക്കൂടുതൽ ചൂണ്ടിക്കാട്ടി കോൺഗ്രസ് പാർട്ടി തന്നെ തഴയുന്നത് വേദനയണ്ടാക്കുന്നുവെന്ന് മുൻ കർണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണ. താൻ കോൺഗ്രസിൽ നിന്ന് രാജിവെച്ചതായും ബംഗളുരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.
കോൺഗ്രസിന് വേണ്ടത് നല്ല പാർട്ടി പ്രവർത്തകരെയല്ല, സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനറിയാവുന്ന മാനേജർമാരെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രായം മനസ്സിന്‍റെ അവസ്ഥ മാത്രമാണ്. പ്രായം ഏതെങ്കിലും പദവിക്കുള്ള മാനദണ്ഡമായി കണക്കാക്കുന്നത് ശരിയല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക മുഖ്യമന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണ ശനിയാഴ്ച സോണിയ ഗാന്ധിക്കയച്ച കത്തിൽ കോണ്‍ഗ്രസ് അംഗത്വം പുതുക്കുന്നില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ന് അദ്ദേഹം വാർത്താസമ്മേളനം നടത്തിയത്.
2009 മുതല്‍ 2012 വരെ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്ന കൃഷ്ണ, 1983-84ല്‍ ഇന്ദിര ഗാന്ധി മന്ത്രിസഭയിലും 1984-85ല്‍ രാജീവ് ഗാന്ധി മന്ത്രിസഭയിലും അംഗമായിരുന്നു. 2004-08 കാലയളവില്‍ മഹാരാഷ്ട്ര ഗവര്‍ണറായും 1999-2004ല്‍ കര്‍ണാടക മുഖ്യമന്ത്രിയായും 1989-92ല്‍ സ്പീക്കറായും 1992-94ല്‍ ഉപമുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1968 മുതല്‍ നാലുതവണ ലോക്സഭാംഗമായ അദ്ദേഹം 1996ല്‍ രാജ്യസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 2012ല്‍ കര്‍ണാടക രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനായി കേന്ദ്ര വിദേശകാര്യ മന്ത്രി സ്ഥാനം രാജിവെച്ച അദ്ദേഹത്തിന് പിന്നീട് സംസ്ഥാന രാഷ്ട്രീയത്തില്‍ വേണ്ട പരിഗണന പാര്‍ട്ടി നല്‍കിയില്ലെന്ന ആക്ഷേപമുയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.