രാഷ്ട്രപതി: സ്വന്തം സ്ഥാനാർഥിക്ക് കോൺഗ്രസ് നിർബന്ധം പിടിക്കില്ല
text_fieldsന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംയുക്ത പ്രതിപക്ഷത്തിേൻറതായി സ്വന്തം സ്ഥാനാർഥിയെ നിർത്താൻ കോൺഗ്രസ് നിർബന്ധം പിടിക്കില്ല. കോൺഗ്രസിതര പൊതുസ്വീകാര്യൻ എന്ന ആശയം പ്രതിപക്ഷ സ്ഥാനാർഥി ചർച്ചകളിൽ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ഇൗ നിലപാട്. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യം ഒന്നിച്ചു നിന്നാൽ, അവരുടെ സ്ഥാനാർഥിക്ക് വിജയിക്കാൻ നേരിയ വോട്ടിെൻറ പോരായ്മ മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ സഖ്യത്തിൽ പൊതുധാരണ രൂപപ്പെട്ടിട്ടില്ല. പ്രതിപക്ഷ നിരക്ക് പൊതുസമ്മതനെ നിർത്താൻ കഴിഞ്ഞാൽ നല്ല മത്സരം കാഴ്ചവെക്കാൻ സാധിക്കും. ഇതു മുൻകൂട്ടിക്കണ്ട് സ്വന്തം പാർട്ടിക്കാരനു വേണ്ടി കോൺഗ്രസ് നിർബന്ധബുദ്ധി പിടിക്കരുതെന്ന കാഴ്ചപ്പാട് പാർട്ടി നേതാക്കൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള ചർച്ചകളിൽ മുന്നോട്ടു വെച്ചിട്ടുണ്ട്.
സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നവരുടെ പട്ടികയിൽ ജനതാദൾ-യു നേതാവ് ശരദ് യാദവിനാണ് മുൻതൂക്കം. ആരോഗ്യപരമായ കാരണങ്ങളാൽ എൻ.സി.പി നേതാവ് ശരദ് പവാർ മാറിനിന്നേക്കും. നൊബേൽ സമ്മാന ജേതാവ് അമർത്യസെന്നിനെപ്പോലുള്ളവരെ നിർത്തണമെന്ന ചർച്ചകളും നടക്കുന്നുണ്ട്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ശരദ് യാദവ്, സി.പി.എം നേതാവ് സീതാറാം യെച്ചൂരി, സി.പി.െഎ നേതാവ് ഡി. രാജ തുടങ്ങിയവരുമായി നടത്തിയ പ്രാരംഭ ചർച്ചകൾക്കു പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ സോണിയ ഗാന്ധി നാഷനൽ കോൺഫറൻസ് വർക്കിങ് പ്രസിഡൻറ് ഉമർ അബ്ദുല്ല തുടങ്ങിയവരെയും കണ്ടിരുന്നു.
ഇൗമാസം 15നുശേഷം പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗം വിളിക്കാൻ കോൺഗ്രസ് ഉദ്ദേശിക്കുന്നുണ്ട്. അതിനു മുമ്പ് ബി.എസ്.പി നേതാവ് മായാവതി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവരുമായും ചർച്ച നടത്തിയേക്കും.
ബി.ജെ.പിയെയാണോ, പ്രതിപക്ഷത്തെയാണോ സഹായിക്കുക എന്നുറപ്പില്ലാത്ത വിധം കയ്യാലപ്പുറത്തിരിക്കുന്ന പാർട്ടികളുണ്ട്. എ.െഎ.എ.ഡി.എം.കെ, ബിജു ജനതാദൾ, തെലങ്കാന രാഷ്ട്ര സമിതി, വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി, ഇന്ത്യൻ നാഷനൽ ലോക്ദൾ തുടങ്ങിയവരുമായി ചർച്ചകൾക്കുള്ള ശ്രമം നടക്കുന്നു. ആം ആദ്മി പാർട്ടി നേതാക്കളുമായും കൂടിയാലോചന നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.