60ാം ചരമ വാർഷികത്തിൽ നെഹ്റുവിന് ആദരാഞ്ജലി അർപ്പിച്ച് രാജ്യം
text_fieldsന്യൂഡൽഹി: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 60ാം ചരമ വാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് രാജ്യം. വിവിധ നേതാക്കൾ അദ്ദേഹത്തിന്റെ സംഭാവനകൾ അനുസ്മരിച്ചു. നെഹ്റുവിന് ആദരാഞ്ജലി അർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്സി’ൽ കുറിച്ചു. ശാസ്ത്ര, സാമ്പത്തിക, വ്യവസായിക മേഖലകളിൽ ഇന്ത്യയെ മുന്നോട്ടുനയിച്ച ആധുനിക ഇന്ത്യയുടെ ശിൽപിയുടെ സംഭാവനകളില്ലാതെ രാജ്യത്തിന്റെ ചരിത്രം അപൂർണമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഖാർഗെയും കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും നെഹ്റുവിന്റെ സ്മാരകമായ ശാന്തിവനത്തിൽ പുഷ്പാർച്ചന നടത്തി.
ജനാധിപത്യത്തിന്റെ സമർപ്പിത കാവൽക്കാരനായിരുന്നു നെഹ്റുവെന്ന് ഖാർഗെ എക്സിൽ കുറിച്ചു. രാജ്യത്തിന്റെ സംരക്ഷണവും പുരോഗതിയും ഐക്യവുമാണ് എല്ലാവരുടെയും ദേശീയ മതമെന്ന് നെഹ്റു പറഞ്ഞതായി അദ്ദേഹം അനുസ്മരിച്ചു. ‘‘നമുക്ക് വ്യത്യസ്ത മതങ്ങൾ പിന്തുടരാം, വ്യത്യസ്ത സംസ്ഥാനങ്ങളിൽ ജീവിക്കാം, വ്യത്യസ്ത ഭാഷകൾ സംസാരിക്കാം. പക്ഷേ, അത് നമുക്കിടയിൽ ഒരു മതിലും സൃഷ്ടിക്കരുത്.
പുരോഗതിയിൽ എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭിക്കണം. നമ്മുടെ രാജ്യത്തെ ചില ആളുകൾ വളരെ സമ്പന്നരും ഭൂരിപക്ഷവും ദരിദ്രരും ആയിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല.’’ നെഹ്റുവിന്റെ വാക്കുകൾ ഉദ്ധരിച്ച് ഖാർഗെ പറഞ്ഞു. ഇന്നും നീതിയുടെ അതേ പാത തന്നെയാണ് കോൺഗ്രസ് പിന്തുടരുന്നതെന്നും ഖാർഗെ കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ജയ്റാം രമേശ് എന്നിവരും നെഹ്റുവിന് ആദരാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.