സേനാത്തലവനെ 'തെരുവ് ഗുണ്ട' എന്ന് വിളിച്ചതിന് സോണിയ ഗാന്ധി മാപ്പ് പറയണം: ബി.ജെ.പി
text_fieldsന്യൂഡൽഹി: ആർമി ചീഫ് ബിപിൻ റാവത്തിനെ തെരുവ് ഗുണ്ടയെന്ന് വിളിച്ച് അധിക്ഷേപിച്ചതിന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിനെതിരെ ബി.ജെ.പി പ്രതിഷേധം ശക്തമാക്കുന്നു. കോൺഗ്രസ് പാർട്ടി തുടർച്ചയായി സൈന്യത്തെ അപമാനിക്കുകയാണെന്നാണ് ബി.ജെ.പിയുടെ പരാതി. വിഷയത്തിൽ പാർട്ടി അധ്യക്ഷ മാപ്പു പറയണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
സന്ദീപ് ദീക്ഷിതിന്‍റെ അഭിപ്രായത്തെ തങ്ങൾ ശക്തമായി അപലപിക്കുന്നു. കോൺഗ്രസ് നേതൃത്വം പ്രത്യേകിച്ച് സോണിയാഗാന്ധി സൈന്യത്തെ നിരന്തരം അപമാനിക്കുന്ന ഇത്തരം നേതാക്കളെ പുറത്താക്കുകയോ തള്ളിപ്പറയാനോ തയാറാവണം. അവർ മാപ്പ് പറഞ്ഞേ മതിയാവൂ. ൈസന്യത്തിന്‍റെ ആത്മവീര്യം കെടുത്തുന്ന നടപടി കോൺഗ്രസിന്‍റെ തന്ത്രമാണോ എന്നും കേന്ദ്രമന്ത്രി നിർമല സീതാരാമൻ ചോദിച്ചു.
അവർ അവരുടെ സൈന്യത്തെ തന്നെയാണ് അധിക്ഷേപിച്ചത്. അവരുപയോഗിച്ച വാക്കുകൾ എന്നേയും പാർട്ടിയേയും അമ്പരിപ്പിച്ചു. കഴിഞ്ഞ 60 വർഷങ്ങളായി രാജ്യം ഭരിച്ച കോൺഗ്രസ് പാർട്ടിയിൽ നിന്നും ഈ പ്രവൃത്തി പ്രതീക്ഷിച്ചതല്ലെന്നും അവർ പറഞ്ഞു.
ബിപിൻ റാവത്തിനെതിരെയുള്ള 'തെരുവിലെ ഗുണ്ട' എന്ന പ്രയോഗത്തിന് കോൺഗ്രസും നേതാവും മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‍റെ പുത്രനുമായ സന്ദീപ് ദീക്ഷിത് മാപ്പ് പറഞ്ഞിരുന്നു.
തെരുവിലിറങ്ങി പ്രസ്താവന നടത്തുന്ന പാകിസ്താന്‍റെ സൈന്യം പോലുള്ള മാഫിയ സൈന്യമല്ല നമ്മുടേത്. സേനാത്തലവൻ തെരുവിലെ ഗുണ്ടയെപ്പോലെ പ്രസ്താവന നടത്തുന്നത് മോശപ്പെട്ട കാര്യമാണ് എന്നായിരുന്നു ഒരു ടി.വി.ചാനലിന് നൽകിയ അഭിമുഖത്തിൽ സന്ദീപ് ദീക്ഷിത് പറഞ്ഞത്.
കശ്മീരിലെ സൈന്യത്തിന് നേരെയുള്ള കല്ലെറിയൽ തടയാൻ മനുഷ്യകവചമായി യുവാവിനെ ഉപയോഗിച്ച പട്ടാള ഓഫിസറെ ന്യായീകരിച്ച സേനാത്തലവനെതിരെയായിരുന്നു തന്‍റെ പ്രസ്താവന എന്നായിരുന്നു സന്ദീപ് ദീക്ഷിതിന്‍റെ വാദം.
ഇതിനെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ആദ്യം ട്വീറ്റ് ചെയ്തത്. കോൺഗ്രസിന് എന്താണ് സംഭവിച്ചത്. സേനാത്തലവിനെ തെരുവിലെ ഗുണ്ട എന്ന് വിശേഷിപ്പിക്കാൻ അവർക്കെങ്ങനെ ധൈര്യം വന്നു? എന്ന് ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു റിജിജു രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.