ഭാരത് ജോഡോ യാത്ര 'ബൂസ്റ്റർ ഡോസ്'; 2023ൽ അടുത്ത യാത്ര സംഘടിപ്പിക്കുമെന്ന് ജയറാം രമേശ്
text_fieldsഗുവാഹത്തി: ഭാരത് ജോഡോ യാത്ര പാർട്ടിക്ക് ബൂസ്റ്റർ ഡോസ് ആണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. 2023ൽ ഗുജറാത്തിലെ പോർബന്തർ മുതൽ അരുണാചൽ പ്രദേശിലെ പരശുറാം കുണ്ഡ് വരെ മറ്റൊരു യാത്ര നടത്താൻ കോൺഗ്രസ് പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു. ഗുവാഹത്തിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഈ യാത്ര രാഹുൽ ഗാന്ധിയുടെ തപസ്യയാണ്. ഇന്ത്യ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭക്ഷണ സാധനങ്ങൾക്ക് ജി.എസ്.ടി ചുമത്തിയതോടെ സാമ്പത്തികമായ അസമത്വം നിലനിൽക്കുന്നുണ്ട്. രാജ്യത്തെ മധ്യവർഗം സമ്മർദത്തിലാണ്. തൊഴിലില്ലായ്മയും വർധിക്കുന്നു.' -ജയറാം രമേശ് പറഞ്ഞു. സാമൂഹിക ധ്രുവീകരണത്തിനും രാഷ്ട്രീയ കേന്ദ്രീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന വിഭജന പ്രത്യയശാസ്ത്രത്തിനും കീഴിൽ ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഭാരത് ജോഡോ യാത്രക്ക് ഗുജറാത്ത്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായും 2024ലെ ലോകസഭ തെരഞ്ഞെടുപ്പുമായും ബന്ധമില്ല. യാത്രയുടെ അടുത്ത ഘട്ടം നവംബറിൽ ആരംഭിക്കും. സാദിയ മുതൽ ധുബ്രി വരെയുള്ള 800 കിലോമീറ്റർ ദൂരം പാർട്ടി പ്രവർത്തകർ പിന്നിടുമെന്നും ജയറാം രമേശ് പറഞ്ഞു.
സെപ്റ്റംബർ ഏഴിനാണ് 150 നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്ര ആംഭിച്ചത്. പദയാത്രയില്‍ രാഹുൽ ഗാന്ധിയോടപ്പം സ്ഥിരം പങ്കാളികളായി 118 പേരാണുള്ളത്. തമിഴ്നാട്ടിലെ കന്യാകുമരിയിൽ നിന്നും ആരംഭിച്ച യാത്ര ജമ്മു കശ്മീരിൽ അവസാനിക്കും. നിലവിൽ കേരളത്തിലാണ് ഭാരത് ജോഡോ യാത്ര സംഘമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.