ഷെട്ടാറിനെയും സവാദിയെയും തുറുപ്പുചീട്ടാക്കി കോൺഗ്രസിന്റെ ലിംഗായത്ത് കാർഡ്
text_fieldsബംഗളൂരു: കർണാടകയിൽ ബി.ജെ.പിയുടെ വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തിൽ സ്വാധീനം ചെലുത്താൻ ജഗദീഷ് ഷെട്ടാറിനെയും ലക്ഷ്മൺ സവാദിയെയും തുറുപ്പുചീട്ടാക്കി കോൺഗ്രസ് പ്രചാരണ തന്ത്രം മെനയുന്നു.
സംസ്ഥാനത്ത് ബി.ജെ.പിയുടെ രണ്ട് ഉന്നതരായ ലിംഗായത്ത് നേതാക്കളുടെ കൂടുമാറ്റം സജീവ ചർച്ചയാക്കുകയാണ് കോൺഗ്രസ്. ലിംഗായത്ത് നേതാക്കളെ ബി.ജെ.പി തന്ത്രപൂർവം പുറന്തള്ളുകയാണെന്ന ആരോപണമാണ് കോൺഗ്രസ് ഉയർത്തുന്നത്. തിങ്കളാഴ്ച രാവിലെ ബംഗളൂരുവിലെ കെ.പി.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ നേതൃത്വത്തിൽ പാർട്ടി പതാക നൽകി വരവേറ്റതിന് പിന്നാലെ ജഗദീഷ് ഷെട്ടാർ നടത്തിയ പ്രതികരണത്തിലും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല നൽകിയ പ്രസ്താവനയിലും ഇത് വ്യക്തമാണ്.
യെദിയൂരപ്പക്കുശേഷം ബി.ജെ.പിയിൽ മുതിർന്ന ലിംഗായത്ത് നേതാവ് താനായിരുന്നെന്നും എം.എൽ.എയായാൽ ലിംഗായത്ത് സമുദായ നേതാവായി പരിഗണിച്ചേക്കുമെന്ന് ഭയന്നാണ് തന്നെ പുറന്തള്ളിയതെന്നുമുള്ള ആരോപണമാണ് ജഗദീഷ് ഷെട്ടാർ ഉന്നയിച്ചത്. ബി.എസ്. യെദിയൂരപ്പയെ അധികാരത്തിൽനിന്നിറക്കിയ ബി.ജെ.പി നേതൃത്വം മുൻ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുൻ കർണാടക അധ്യക്ഷനുമായ ജഗദീഷ് ഷെട്ടാറിനെയും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിയെയും അവഗണിച്ചെന്നും ലിംഗായത്ത് നേതാക്കളോട് ബി.ജെ.പി കാണിച്ച അനീതി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും സുർജെവാലയും ചൂണ്ടിക്കാട്ടി.
1990ൽ അന്നത്തെ കോൺഗ്രസ് അധ്യക്ഷൻ രാജീവ് ഗാന്ധി കർണാടക മുഖ്യമന്ത്രിയും ലിംഗായത്ത് നേതാവുമായിരുന്ന വീരേന്ദ്ര പാട്ടീലിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതാണ് പിന്നീട് ലിംഗായത്ത് വോട്ടുകൾ ബി.ജെ.പിയിലേക്ക് അടുക്കാൻ കാരണമായത്. ലിംഗായത്ത് നേതാവിനെ കോൺഗ്രസ് അപമാനിച്ചെന്ന പ്രചാരണവും എക്കാലവും ബി.ജെ.പി ഉയർത്തിയിരുന്നു. ഇതേ കാർഡ് തന്നെയാണ് കോൺഗ്രസ് ഇപ്പോൾ തിരിച്ചും പയറ്റുന്നത്.
ലിംഗായത്തുകൾ വിധിനിർണായകമാവുന്ന വടക്കൻ കർണാടകയിലെ കിറ്റൂർ കർണാടകയിൽനിന്നുള്ള (പഴയ മുംബൈ- കർണാടക) നേതാക്കളാണ് ഷെട്ടാറും സവാദിയും. ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യമുള്ള ധാർവാഡിലെ ഏഴു മണ്ഡലങ്ങളിലും പ്രചാരണത്തിന് ഷെട്ടാറിനെ ഉപയോഗിക്കാനാണ് കോൺഗ്രസ് പദ്ധതി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നാലും കോൺഗ്രസിന് മൂന്നും സീറ്റാണ് ഇവിടെ ലഭിച്ചത്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഷെട്ടാറിന്റെ സിറ്റിങ് സീറ്റായ ധാർവാഡ് സെൻട്രൽ അടക്കം കൂടുതൽ സീറ്റുകൾ കോൺഗ്രസ് ഈ ജില്ലയിൽ പ്രതീക്ഷിക്കുന്നുണ്ട്. യെദിയൂരപ്പയെ പോലെ മാസ് ലീഡറല്ലെങ്കിലും ലിംഗായത്ത് മേഖലയിൽ ബി.ജെ.പി വോട്ടുകൾ ഇളക്കാൻ കിറ്റൂർ കർണാടകയിൽ ഏറ്റവും കൂടുതൽ നിയോജക മണ്ഡലങ്ങളുള്ള ബെളഗാവി ജില്ലയിലാണ് ലക്ഷ്മൺ സവാദി മത്സരിക്കുന്ന അതാനി സീറ്റ്. 18 സീറ്റാണ് ബെളഗാവിയിലുള്ളത്. 2018ൽ ബി.ജെ.പി പത്തും കോൺഗ്രസ് എട്ടും സീറ്റാണ് നേടിയത്.
പിന്നീട് സഖ്യസർക്കാറിനെ അട്ടിമറിക്കാൻ നേതൃത്വം നൽകിയ രമേശ് ജാർക്കിഹോളിയും അതാനിയിലെ കോൺഗ്രസ് എം.എൽ.എ മഹേഷ് കുമതല്ലിയും ബി.ജെ.പിയിലേക്ക് ചേക്കേറിയതോടെയാണ് ബെളഗാവിയിൽ പാർട്ടി നേതൃത്വത്തിനായി ജാർക്കിഹോളി- സവാദി പോര് തുടങ്ങുന്നത്.
ബി.എസ്. യെദിയൂരപ്പയുടെ സമ്മർദത്തിന് വഴങ്ങി രമേശ് ജാർക്കിഹോളിക്കും മഹേഷ് കുമതല്ലിക്കും വീണ്ടും സീറ്റ് അനുവദിച്ചതോടെ സവാദി പാർട്ടി വിടുകയായിരുന്നു. ബെളഗാവിയിൽ നടക്കുന്നത് അഭിമാനപോരാട്ടമായതിനാൽ കോൺഗ്രസിനായി സീറ്റുകൾ തിരിച്ചുപിടിക്കുകയാണ് സവാദിക്കുമുന്നിലെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.