മൂന്നാം മുന്നണി വന്നാൽ നേട്ടം ബി.ജെ.പിക്കെന്ന് കോൺഗ്രസ് പ്ലീനറി സമ്മേളനം; മുഖ്യം പ്രതിപക്ഷ ഐക്യം
text_fieldsഅടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ സമാന ചിന്താഗതിക്കാരായ മതനിരപേക്ഷ ദേശീയ-പ്രാദേശിക പാർട്ടികളെ ബി.ജെ.പിക്കെതിരെ ഒരു കുടക്കീഴിൽ അണിനിരത്താൻ മുന്നിട്ടിറങ്ങുമെന്ന് കോൺഗ്രസ്. മൂന്നാം ചേരി ഉണ്ടായാൽ നേട്ടം ബി.ജെ.പി നയിക്കുന്ന എൻ.ഡി.എക്കായിരിക്കുമെന്ന് പ്ലീനറി സമ്മേളനം രാഷ്ട്രീയ പ്രമേയത്തിൽ മുന്നറിയിപ്പ് നൽകി. മതനിരപേക്ഷ-സോഷ്യലിസ്റ്റ് ശക്തികളുടെ ഐക്യം കോൺഗ്രസിന്റെ ഭാവിയിൽ മുഖമുദ്രയായിരിക്കും.
2024ൽ എതിരാളിയില്ലെന്ന അഹങ്കാരത്തിലേക്ക് ബി.ജെ.പി എത്തിയിട്ടുണ്ട്. ഇത് കോൺഗ്രസിനും മറ്റു പാർട്ടികൾക്കും മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്കുതന്നെ വലിയ വെല്ലുവിളിയാണ്. വിഭജന രാഷ്ട്രീയത്തിനിടയിൽ ഇന്ത്യയെന്ന ആശയം തിരിച്ചുപിടിക്കാൻ തക്കവിധം രാഷ്ട്രീയ സംവാദങ്ങൾ കോൺഗ്രസ് പുനർനിർവചിക്കണം. രാജ്യമോ സ്വർഗമോ വിമോചനമോ അല്ല, ദുർഗതിയിൽനിന്ന് ജനങ്ങളെ മോചിപ്പിക്കാൻ മാത്രമാണ് താൻ ആവശ്യപ്പെടുന്നതെന്ന മഹാത്മഗാന്ധിയുടെ അവസാന പ്രാർഥന വാചകം രാഷ്ട്രീയ പ്രമേയത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്.
2024ലേക്ക് കോൺഗ്രസ് ദർശനരേഖ തയാറാക്കും. പാർട്ടി നേതൃത്വത്തിലേക്ക് കൂടുതൽ യുവാക്കളെ കൊണ്ടുവരും. സർക്കാറിന്റെ പാളിച്ചകൾ തുറന്നുകാട്ടുന്ന വിപുല ജനസമ്പർക്ക പരിപാടി നടത്തും. ഉദയ്പുർ നവസങ്കൽപ ശിബിര തീരുമാനങ്ങൾ വേഗം മുന്നോട്ടുനീക്കും. സംഘടനയുമായി ബന്ധപ്പെട്ട് എ.ഐ.സി.സി പാസാക്കിയ പ്രമേയങ്ങൾ പൂർണാർഥത്തിൽ നടപ്പാക്കും.
ലോക്സഭ തെരഞ്ഞെടുപ്പിന് സമാന ചിന്താഗതിക്കാരുടെ ഐക്യത്തിന് പാർട്ടി ശ്രമിക്കുമെന്ന് പ്ലീനറിയെ അഭിസംബോധന ചെയ്ത പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. നിലവിലെ വിഷമഘട്ടത്തിൽ നിശ്ചയദാർഢ്യവും ശേഷിയുമുള്ള നേതൃത്വം രാജ്യത്തിന് നൽകാൻ കോൺഗ്രസിനേ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ നേതൃത്വം അംഗീകരിക്കാൻ തയാറാകാതെ തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഭാരത് രാഷ്ട്രസമിതി തുടങ്ങിയവ ബദൽ നീക്കങ്ങൾ നടത്തുന്നതിനിടയിലാണ് മൂന്നാം മുന്നണി ബി.ജെ.പിക്കാണ് നേട്ടമുണ്ടാക്കുകയെന്ന കോൺഗ്രസ് പ്രമേയം. പ്രധാനമന്ത്രി സ്ഥാനാർഥിയാകാനുള്ള താൽപര്യവുമായി ജനതദൾ-യു നേതാവ് നിതീഷ് കുമാറും കളത്തിലിറങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.