കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി: ഹൈകമാൻഡ് ത്രിശങ്കുവിൽ, ആരു നിൽക്കും?
text_fieldsന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിർദേശപത്രിക നൽകാൻ മൂന്നു ദിവസം മാത്രം ശേഷിക്കെ, തങ്ങളുടെ സ്ഥാനാർഥിയെ തീരുമാനിക്കാൻ കഴിയാതെ നെഹ്റു കുടുംബം. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം റെബലായി മാറിയ അശോക് ഗെഹ്ലോട്ടിനെ ഇനി മത്സരിപ്പിക്കാൻ താൽപര്യമില്ലെങ്കിലും, അദ്ദേഹം സ്വയം പിന്മാറ്റം പ്രഖ്യാപിച്ചിട്ടില്ല. ഒത്തുതീർപ്പുകൾക്ക് ശ്രമം തുടരുന്നതിനാൽ മറ്റൊരാളെ പ്രഖ്യാപിക്കാനും കഴിയില്ല. ഒത്തുതീർപ്പ് ശ്രമങ്ങളുടെ ഭാഗമായി മുതിർന്ന നേതാവ് എ.കെ. ആന്‍റണിയെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഗെഹ്ലോട്ടിനെയും മറ്റും അനുനയിപ്പിക്കുകയെന്ന മധ്യസ്ഥ ദൗത്യമല്ലാതെ, ആന്‍റണി സ്ഥാനാർഥിയാകാൻ ഇടയില്ല.
അവസാന ദിവസമായ 30ന് രാവിലെ 11ന് എ.ഐ.സി.സി ഓഫിസിലെത്തി പത്രിക കൈമാറുമെന്ന് ശശി തരൂർ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയെ അറിയിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കണ്ട് ആശീർവാദം തേടിയെങ്കിലും തരൂരിന് നെഹ്റുകുടുംബത്തിന്‍റെ പിന്തുണയില്ല. തിരുത്തൽപക്ഷത്തു നിന്ന് മനീഷ് തിവാരി കൂടി പത്രിക നൽകിയേക്കും. ഗെഹ്ലോട്ടിനു പകരം കമൽനാഥിനെ ആലോചിച്ചെങ്കിലും മത്സരിക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചു. ദിഗ്വിജയ്സിങ്, മല്ലികാർജുൻ ഖാർഗെ, സുശീൽകുമാർ ഷിൻഡെ, മുകുൾ വാസ്നിക് തുടങ്ങിയ പേരുകളാണ് ബാക്കി നിൽക്കുന്നത്. അതിലൊരാളെ സ്ഥാനാർഥിയാക്കാനാണ് ശ്രമം.
മറ്റു വഴിയില്ലാത്തതിനാൽ ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നതും മാറ്റുന്നതും പ്രശ്നമായ രാജസ്ഥാനിലെ കാര്യങ്ങളിൽ വിശദമായ ആലോചനകൾ നടക്കുകയാണെങ്കിലും, അദ്ദേഹത്തെ പ്രസിഡന്‍റാക്കേണ്ട എന്ന ധാരണ നേതൃനിരയിലുണ്ട്. പക്ഷേ, സ്ഥാനാർഥിത്വം ഗെഹ്ലോട്ട് പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്ക്, അദ്ദേഹം സ്വയം പിന്മാറ്റം പ്രഖ്യാപിക്കാതെ മറ്റൊരാളെ അവതരിപ്പിച്ചാൽ പാർട്ടിയിലും പുറത്തും വലിയ വിമർശനം ഉയരും.
മുഖ്യമന്ത്രിയായി തുടരാൻ സമ്മതിച്ചാൽ പ്രസിഡന്‍റ് സ്ഥാനാർഥിത്വം വേണ്ടെന്നു വെക്കാൻ ഗെഹ്ലോട്ടിന് പൂർണസമ്മതം. പക്ഷേ, ഇക്കാലമത്രയും കാത്തിരുന്നു നിരാശനായ സചിൻ പൈലറ്റ് എന്തും ചെയ്തേക്കും. ഹൈകമാൻഡിനെ കാണാൻ സചിൻ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ബഹുഭൂരിപക്ഷം എം.എൽ.എമാർ ഒപ്പമുള്ള ഗെഹ്ലോട്ട് പക്ഷം, മുഖ്യമന്ത്രി സ്ഥാനമൊഴികെ മറ്റെന്തു വിട്ടുവീഴ്ചക്കും തയാർ എന്ന നിലപാടിലാണ്.
നിരീക്ഷകർക്കെതിരെ ഗെഹ്ലോട്ട് പക്ഷം
ന്യൂഡൽഹി: അശോക് ഗെഹ്ലോട്ടും ഒപ്പമുള്ള എം.എൽ.എമാരും കടുത്ത അച്ചടക്കലംഘനം നടത്തിയെന്ന് സോണിയ ഗാന്ധിയെ ധരിപ്പിച്ച എ.ഐ.സി.സി നിരീക്ഷകർക്കെതിരെ ഗെഹ്ലോട്ട് പക്ഷം.
നിഷ്പക്ഷമായി പ്രവർത്തിക്കേണ്ടതിനു പകരം, ഗെഹ്ലോട്ടിനെ മാറ്റി സചിൻ പൈലറ്റിനെ പ്രതിഷ്ഠിക്കാൻ നിരീക്ഷകരിലൊരാളായ അജയ് മാക്കൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ആഭ്യന്തര കാര്യങ്ങൾ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞ് അദ്ദേഹം കടുത്ത അച്ചടക്കലംഘനം നടത്തിയെന്നും അവർ ആരോപിക്കുന്നു. മല്ലികാർജുൻ ഖാർഗെയായിരുന്നു നിരീക്ഷകരിൽ ഒരാൾ. അദ്ദേഹത്തിനെതിരെ ഈ ആരോപണം ഗെഹ്ലോട്ട് പക്ഷം ഉന്നയിച്ചിട്ടില്ല. നിയമസഭ കക്ഷി യോഗം നടത്താൻ എം.എൽ.എമാർ എത്താതെ കാത്തിരിക്കേണ്ടിവന്ന കേന്ദ്ര നിരീക്ഷകരിൽ മാക്കൻ ഗെഹ്ലോട്ടിനെ കാണാൻ കൂട്ടാക്കാതെ മടങ്ങുകയായിരുന്നു. കണ്ട ശേഷമാണ് ഖാർഗെ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.