സ്ഥാനാർഥിയുടെ പേരിനു നേരെ ഇനി ഒന്ന് എന്ന് എഴുതേണ്ട, ടിക് മാർക്ക് നൽകിയാൽ മതി
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് രീതി മാറ്റണമെന്ന ശശി തരൂരിന്റെ ആവശ്യം അംഗീകരിച്ചു. അധ്യക്ഷ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് വോട്ട് രേഖപ്പെടുത്തുന്ന രീതി മാറ്റണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടത്. വോട്ട് രേഖപ്പെടുത്തുന്ന ബാലറ്റിൽ സ്ഥാനാർഥിയുടെ പേരിന് നേരെ ഒന്ന് എന്ന് എഴുതുന്നത് മാറ്റി ടിക്മാർക്ക് നൽകണമെന്നായിരുന്നു തരൂരിന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് തരൂർ മധുസൂദനൻ മേസ്ത്രിക്ക് കത്ത് നൽകുകയായിരുന്നു.
കഴിഞ്ഞ ദിവസം മധുസൂദനൻ മേസ്ത്രി വരണാധികാരികൾ ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി വോട്ടിങ് രീതി വിശദീകരിച്ചിരുന്നു. മല്ലികാർജുൻ ഖാർഗെ ഒന്നാമത്തെ നമ്പറായും ശശി തരൂർ രണ്ടാമത്തെ നമ്പറുമായാണ് ബാലറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആർക്കാണോ വോട്ട് ചെയ്യുന്നത് അവർക്ക് നേരെ ഒന്ന് എന്ന് എഴുതണമെന്നാണ് അറിയിച്ചത്. ഇങ്ങനെയായാൽ കൂടുതൽ വോട്ടും ഖാർഗെക്ക് പോകുമെന്നും അത് മാറ്റണമെന്നുമായിരുന്നു തരൂരിന്റെ ആവശ്യം. ഇതാണ് അംഗീകരിക്കപ്പെട്ടത്.
ഏറെ കാലത്തെ ഇടവേളക്കു ശേഷമാണ് നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ കോൺഗ്രസിനെ നയിക്കാനെത്തുന്നത്. മൂവായിരത്തിലധികം വരുന്ന വോട്ടർമാർ തിങ്കളാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും.
ബുധനാഴ്ചയാണ് വോട്ടെണ്ണൽ. പ്രചാരണത്തിന്‍റെ അവസാന ദിനം പ്രിയങ്ക ഗാന്ധിയുടെ പിന്തുണയോടെ ഉത്തർപ്രദേശിലെ ലക്നൗവിൽ വോട്ട് തേടാൻ ആണ് ശശി തരൂരിന്‍റെ തീരുമാനം. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കൂടുതൽ നേതാക്കളെ തനിക്ക് അനുകൂലമാക്കാനാണ് തരൂരിന്‍റെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.