രാഹുൽ ഗാന്ധി വോട്ട് ചെയ്തത് ബെള്ളാരിയിൽ; ഖാർഗെ ബംഗളൂരുവിൽ
text_fieldsബംഗളൂരു: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ബെള്ളാരിയിലും പ്രസിഡന്റ് സ്ഥാനാർഥിയായ മല്ലികാർജുൻ ഖാർഗെ ബംഗളൂരുവിലും വോട്ട് രേഖപ്പെടുത്തി. കർണാടകയിൽ പര്യടനം തുടരുന്നതിനിടെ ബെള്ളാരിയിലെ സംഗനകല്ലിൽ പ്രത്യേകം ഒരുക്കിയ ബൂത്തിലായിരുന്നു രാവിലെ 11ഓടെ രാഹുലിന്റെ വോട്ട്.
ഭാരത് ജോഡോ യാത്രക്കായി കണ്ടെയ്നറിൽ പ്രത്യേകം തയാറാക്കിയ മീറ്റിങ് റൂമാണ് പോളിങ് ബൂത്താക്കി സജ്ജീകരിച്ചത്. യാത്ര അംഗങ്ങളായ 40ഓളം പേർ സംഗനകല്ലിലെ ബൂത്തിൽ വോട്ടുചെയ്തു. അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഭാരത് ജോഡോ യാത്രക്ക് തിങ്കളാഴ്ച വിശ്രമദിവസമായിരുന്നു.
ബംഗളൂരു ക്യൂൻസ് റോഡിലെ കെ.പി.സി.സി ഓഫിസിലാണ് മല്ലികാർജുൻ ഖാർഗെ, കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ എന്നിവരടക്കമുള്ള നേതാക്കൾ വോട്ടുചെയ്തത്. ശിവകുമാർ ആദ്യ വോട്ട് രേഖപ്പെടുത്തി. പത്തരയോടെ ഓഫിസിലെത്തിയ ഖാർഗെയെ ശിവകുമാർ സ്വീകരിച്ച് പോളിങ് ബൂത്തിലേക്ക് കൊണ്ടുപോയി.
മത്സരഫലം തൂത്തുവാരുമോ എന്ന് ബുധനാഴ്ച ഫലംപ്രഖ്യാപിക്കുമ്പോൾ അറിയാമെന്നും ഇപ്പോൾ ഞാനെന്തെങ്കിലും പറഞ്ഞാൽ അതെന്റെ അഹങ്കാരമാവുമെന്നും മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുപ്പിന്ശേഷം പ്രതികരിച്ചു. വോട്ടെടുപ്പ് ദിവസം രാവിലെ ഖാർഗെയുമായി സംസാരിച്ചതായും അദ്ദേഹത്തിന് ആശംസ നേർന്നതായും എതിർസ്ഥാനാർഥി ശശി തരൂർ ട്വീറ്റ് ചെയ്തു.
തരൂരുമായി സംസാരിച്ചത് വെളിപ്പെടുത്തിയ ഖാർഗെ, തങ്ങളിരുവരും മെച്ചപ്പെട്ട രാജ്യം കെട്ടിപ്പടുക്കാൻ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായാണ് മത്സരിക്കുന്നതെന്ന് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.