ഖാർഗെ ഭോപാലിൽ; തരൂർ അഹ്മദാബാദിൽ
text_fieldsന്യൂഡൽഹി: സംസ്ഥാനപര്യടനം നടത്തിവരുന്ന കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർഥികളിൽ മല്ലികാർജുൻ ഖാർഗെ മധ്യപ്രദേശിൽ; ശശി തരൂർ ഗുജറാത്തിൽ. ബുധനാഴ്ച വൈകീട്ട് ഖാർഗെ ഭോപാലിൽ എത്തി. അഹ്മദാബാദിൽ എത്തിയ തരൂർ സബർമതി ആശ്രമത്തിൽ മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച ശേഷമാണ് പ്രവർത്തകരെ കണ്ടത്. കഴിഞ്ഞയാഴ്ചയായിരുന്നു ഖാർഗെയുടെ ഗുജറാത്ത് സന്ദർശനം. അദ്ദേഹവും സബർമതി ആശ്രമത്തിൽ എത്തിയിരുന്നു.
കഴിഞ്ഞദിവസം യു.പിയിൽ ഇരുവരും ഒരേദിവസം പര്യടനം നിശ്ചയിച്ചത് നേതൃത്വത്തിന് തലവേദനയായിരുന്നു. ഖാർഗെ മടങ്ങാതെ യു.പിയിലേക്ക് പോകരുതെന്നും സംഘർഷസാധ്യത ഒഴിവാക്കാനാണിതെന്നും പാർട്ടി നേതാക്കൾ വിശദീകരിച്ചു. പര്യടനപരിപാടികൾ ഇതനുസരിച്ച് ക്രമീകരിക്കുന്നുണ്ട്. ഖാർഗെ ഭോപാലിൽനിന്ന് പോയശേഷം 14നാണ് തരൂർ അവിടെ എത്തുക. കോൺഗ്രസ് ഭരണഘടനയിൽ പറയുന്നതുപോലെ പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുമെന്നും കാൽനൂറ്റാണ്ടായി മരവിച്ചുകിടക്കുന്ന പാർലമെന്ററി ബോർഡ് പുനഃസംഘടിപ്പിക്കുമെന്നും ശശി തരൂർ പറഞ്ഞു.
തിരുത്തൽവാദികളായ ജി-23 സംഘം മുന്നോട്ടുവെച്ച രണ്ട് പ്രധാന ആവശ്യങ്ങളായിരുന്നു ഇത്. ഉദയ്പുർ പ്രഖ്യാപനം പൂർണമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരവാഹി സ്ഥാനങ്ങളിൽ പകുതി യുവാക്കൾക്ക് നൽകുമെന്ന ഖാർഗെയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തരൂരിന്റെ വാഗ്ദാനം. ഇതിനിടെ, തരൂരുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇവിടംവരെ പടിപടിയായാണ് താൻ എത്തിയത്.
ആ സമയത്തൊക്കെ ശശി തരൂർ ഉണ്ടായിരുന്നോ? അദ്ദേഹം ചോദിച്ചു. സ്വന്തം പ്രകടനപത്രികയുമായി തരൂരിന് മുന്നോട്ടുപോകാം. ഉദയ്പുരിൽ പാർട്ടി നടത്തിയ പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.