കർണാടകയിൽ 17 ബി.ജെ.പി നേതാക്കൾക്കെതിരായ കേസുകൾ വീണ്ടും അന്വേഷിക്കും
text_fieldsബംഗളൂരു: ഗുജറാത്തിലെ 44 എം.എൽ.എമാരെ ബംഗളൂരുവിൽ സംരക്ഷിക്കുന്നതിെൻറ പേരിൽ ഉൗർജമന്ത്രി ഡി.കെ. ശിവകുമാറിനെതിരെ ആദായ നികുതി വകുപ്പിനെ ആയുധമാക്കി നീങ്ങിയ ബി.ജെ.പിക്കെതിരെ വിരട്ടൽ തന്ത്രവുമായി കോൺഗ്രസ്. കർണാടകയിലെ 17 ബി.ജെ.പി നേതാക്കൾക്കെതിരെ ലോകായുക്തയിലും അഴിമതി നിരോധന ബ്യൂേറാ(എ.സി.ബി)യിലുമുള്ള കേസുകളുടെ അന്വേഷണം പുനരാരംഭിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചു.
കുമാരകൃപ റോഡിലെ തെൻറ ഒൗദ്യോഗിക വസതിയായ കൃഷ്ണയിൽ കെ.പി.സി.സി പ്രസിഡൻറ് ജി. പരമേശ്വര, മന്ത്രി കെ.ജെ. ജോർജ് തുടങ്ങിയവരടക്കമുള്ള നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് ആൻറി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പ്രത്യേക യോഗം ചേർന്നത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ, എം.പിയായ ശോഭ കരന്ദ്ലാജെ, സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി. രവി, ജനാർദൻ റെഡ്ഡി തുടങ്ങിയവർക്കെതിരായ കേസുകളാണ് വീണ്ടും പൊടിതട്ടിയെടുക്കുന്നത്.
ആദായ നികുതി വകുപ്പ് റെയ്ഡിനെ ബി.ജെ.പി മുതലെടുക്കുന്നത് തടയുകയാണ് പുതിയ നീക്കത്തിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. ബുധനാഴ്ച രാവിലെ റെയ്ഡ് വിവരമറിഞ്ഞയുടൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഫോണിൽ ബന്ധപ്പെട്ട എ.െഎ.സി.സി ൈവസ് പ്രസിഡൻറ് രാഹുൽ ഗാന്ധി ബി.ജെ.പിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനായിരുന്നു നിർദേശിച്ചത്. ഇതിെൻറ തുടർച്ചയായാണ് പുതിയ തീരുമാനം.
അതേസമയം, മന്ത്രി ഡി.കെ. ശിവകുമാറിെൻറ വസതിയിലും ഒാഫിസിലും സഹായികളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലുമായി വ്യാഴാഴ്ചയും ആദായ നികുതി വകുപ്പ് പരിശോധന നടന്നു.
രണ്ടു ദിവസങ്ങളിലുമായി 11.43 കോടി രൂപയാണ് പലയിടങ്ങളിൽനിന്നായി പിടികൂടിയത്. മന്ത്രിയുടെ ഡൽഹി സഫ്ദർജങ്ങിലെ വീട്ടിൽനിന്ന് 8.33 കോടി രൂപ, ബംഗളൂരു സദാശിവ നഗറിലെ വീട്ടിൽനിന്ന് 2.5 കോടി രൂപ, മൈസൂരുവിലെ ഭാര്യപിതാവിെൻറ വീട്ടിൽനിന്ന് 60 ലക്ഷം രൂപ എന്നിങ്ങനെയാണ് ലഭിച്ചത്.
സദാശിവ നഗറിലെ വീട്ടിലെ അഞ്ചു ലോക്കറുകളിൽനിന്നായി വിവിധയിടങ്ങളിലെ സാമ്പത്തിക നിക്ഷേപം സംബന്ധിച്ച രേഖകളും കണ്ടെടുത്തിട്ടുണ്ട്.
ഭാര്യപിതാവിെൻറ വസതിയിൽ വ്യാഴാഴ്ചയും റെയ്ഡ് തുടർന്ന ഉദ്യോഗസ്ഥർ സഹായി എഡ്വിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
മന്ത്രിസഹോദരിയുടെ വീട്ടിൽനിന്ന് കോടിക്കണക്കിന് രൂപ വിലവരുന്ന ആഭരണങ്ങൾ കണ്ടെടുത്തതായാണ് വിവരം.
മന്ത്രിയുടെ സഹോദരനും ബംഗളൂരു റൂറൽ ലോക്സഭാംഗവുമായ ഡി.കെ. സുരേഷ്കുമാറിെൻറയും ജ്യോത്സ്യനായ ദ്വാരകാനാഥ് ഗുരുജിയുടെയും വീടുകളും സുഹൃത്തുക്കളുടെ സ്ഥാപനങ്ങളും പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.