'അവരുടെ വാക്കുകൾ മാത്രമാണ് പങ്കുവെച്ചത്; അസ്വസ്ഥത എന്തിനെന്ന് അറിയില്ല'; ഗഡ്കരിയുടെ വക്കീൽ നോട്ടീസിനെതിരെ കോൺഗ്രസ്
text_fieldsന്യൂഡൽഹി: തന്നെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നതും അപകീർത്തികരവുമായ ഉള്ളടക്കം പങ്കുവെച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അയച്ച് വക്കീൽ നോട്ടീസിൽ പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ കാർഗെക്കും വിഷയം ഉന്നയിച്ച് ഗഡ്കരി നോട്ടീസയച്ചിരുന്നു.
"അദ്ദേഹം അയച്ച വക്കീൽ നോട്ടീസ് വായിച്ചു. തീർച്ചയായും നോട്ടീസിന് മറുപടി നൽകും. ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല. അവരുപയോഗിച്ച അതേ പദങ്ങൾ തന്നെയാണ് ഞങ്ങളും ഉപയോഗിച്ചത്. അതിന് അവർ അസ്വസ്ഥരാകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല", ജയറാം രമേശ് പറഞ്ഞു.
കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു ഗഡ്കരിയുടെ നോട്ടീസ്. ലാലന്റൊപ് വെബ് പോർട്ടലിന് ഗഡ്കരി നൽകിയ അഭിമുഖത്തിൽ നിന്നും 19 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് കോൺഗ്രസ് പങ്കുവെച്ചത്. രാജ്യത്തെ ഗ്രാമവാസികളും തൊഴിലാളികളും കർഷകരും അസന്തുഷ്ടരാണെന്നും ഗ്രാമങ്ങളിൽ റോഡുകളോ സ്കൂളുകളോ കുടിവെള്ളമോ നല്ല ആശുപത്രികളോ ഇല്ലെന്നും ഗഡ്കരി പറയുന്നതാണ് വീഡിയോയിലുള്ളത്. മോദി സർക്കാരിലെ ഒരു മന്ത്രി എന്ന അടിക്കുറിപ്പോടെയായിരുന്നു കോൺഗ്രസ് ഈ വീഡിയോ ശകലം പങ്കുവെച്ചത്.
അതേസമയം സന്ദർഭം മറച്ചുവെച്ചാണ് ഖാർഗെയും ജയറാം രമേശും വീഡിയോ പങ്കുവെച്ചതെന്ന് ഇത് കണ്ട തന്റെ കക്ഷി പകച്ചുപോയെന്നുമാണ് ഗഡ്കരിയുടെ അഭിഭാഷകൻരെ വാദം. പൊതുസമൂഹത്തിനുമുന്നിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് ഇത്തരം പ്രചരണങ്ങളുടെ ലക്ഷ്യമെന്നും ബി.ജെ.പിക്ക് അകത്തുള്ള ഐക്യത്തെ തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു.
സംഭവത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണമെന്നാണ് ഗഡ്കരിയുടെ ആവശ്യം. വീഡിയോ നീക്കം ചെയ്യാനും നിര്ഡദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.