ഭീകരർക്ക് അവരുടെ ഭാഷയിൽ മറുപടി നൽകണം; രാജ്യ സുരക്ഷക്കായുള്ള കേന്ദ്ര നടപടിയെ പിന്തുണക്കുമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ജമ്മു കശ്മീരിൽ വർധിച്ചു വരുന്ന ഭീകരാക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ്. രാജ്യത്തിന്‍റെ സുരക്ഷക്കായി കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന ഏത് നടപടിക്കും പാർട്ടി പിന്തുണ നൽകുമെന്നും കോൺഗ്രസ് എം.പി ദീപേന്ദർ സിങ് ഹൂഡ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഭീകരാക്രമണങ്ങളിൽ കോൺഗ്രസ് അതീവ ആശങ്ക രേഖപ്പെടുത്തുന്നു. കേന്ദ്ര സർക്കാർ ഇക്കാര്യം ഗൗരവമായി എടുക്കുന്നില്ല. പ്രതിപക്ഷം എന്ന നിലയിൽ ഭീകരാക്രമണങ്ങളിലേക്ക് സർക്കാറിന്‍റെ ശ്രദ്ധ ക്ഷണിക്കുകയാണ്. രാജ്യത്തിന്‍റെ സുരക്ഷക്കായി കേന്ദ്രം സ്വീകരിക്കുന്ന ഏത് നടപടിക്കും പിന്തുണ നൽകാൻ കോൺഗ്രസ് തയാറാണ്. ഭീകരർക്ക് അവരുടെ ഭാഷയിൽ മറുപടി നൽകണമെന്ന വികാരം എല്ലാ പൗരന്മാർക്കുമുണ്ടെന്ന് ദീപേന്ദർ ഹൂഡ ചൂണ്ടിക്കാട്ടി.
നമ്മുടെ സൈനികർക്ക് നേരെയുള്ള ഭീരുത്വം നിറഞ്ഞ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. ഒരു മാസത്തിനിടെ നടക്കുന്നത് അഞ്ചാമത്തെ ആക്രമണമാണെന്നുള്ളത് ആശങ്ക ഉണ്ടാക്കുന്നു. കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് ഭീകരർ കൊല്ലപ്പെടുകയും രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തു. ജൂൺ 26ന് ദോഡയിലും ഏറ്റുമുട്ടലുണ്ടായി. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്ന ജൂൺ ഒമ്പതിന് വൈഷ്ണോദേവിയിലേക്ക് പോവുകയായിരുന്ന ബസ് ആക്രമിക്കപ്പെട്ടു.
ജമ്മു ഡിവിഷനിലെ രജൗരി, റിയാസി, പൂഞ്ച് പ്രദേശങ്ങൾ ഭീകരർ തങ്ങളുടെ പ്രവർത്തന കേന്ദ്രമാക്കിയത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. 2023 ജനുവരി മുതൽ ജമ്മു ഡിവിഷനിലെ ഭീകരാക്രമണങ്ങളിൽ വീരമൃത്യു വരിച്ച സിവിലിയൻമാരുടെയും സൈനികരുടെയും എണ്ണം ഇരട്ടിയായതായി കണക്കുകൾ സൂചിപ്പിക്കുന്നുവെന്നും ദീപേന്ദർ ഹൂഡ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.