പാട്ടിദാർ സമിതിയുടെ സമ്മർദം; ഗുജറാത്തിൽ കോൺഗ്രസ് നാല് സ്ഥാനാർഥികളെ മാറ്റി
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് നിയമസഭതെരെഞ്ഞടുപ്പിൽ ഹാർദിക് പേട്ടൽ നയിക്കുന്ന പാട്ടിദാർ അനാമത് ആന്ദോളൻ സമിതിയെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം. പാട്ടിദാർ സമിതിയുടെ (പി.എ.എ.എസ്) സമ്മർദത്തെതുടർന്ന് കോൺഗ്രസ് നാല് സ്ഥാനാർഥികളെ മാറ്റി. ഒമ്പതുസ്ഥാനാർഥികളെ കൂടി കോൺഗ്രസ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. പ്രാദേശിക രാഷ്ട്രീയവികാരം കണക്കിലെടുത്താണ് സ്ഥാനാർഥികളെ മാറ്റിയതെന്ന് കോൺഗ്രസ് വക്താവ് മനിഷ് ദോഷി പറഞ്ഞു. നീക്കംചെയ്യപ്പെട്ട സ്ഥാനാർഥികളുമായി ഇക്കാര്യം ചർച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നുമണ്ഡലങ്ങൾ ഭാരതീയ ട്രൈബൽ പാർട്ടിക്ക് നൽകി. ശരദ് യാദവിനെ അനുകൂലിക്കുന്ന മുൻ ജെ.ഡി.യു എം.എൽ.എ ചോട്ടുഭായ് വാസവയാണ് ഭാരതീയ ട്രൈബൽ പാർട്ടി രൂപവത്കരിച്ചത്.
ജുനഗഡ്, ബറൂച്ച്, കംറേജ്, വരാച്ച മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ മാറ്റിയാണ് പുതിയപേരുകൾ കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇവിടങ്ങളിലെ സ്ഥാനാർഥികൾ സാമൂഹികവിരുദ്ധരാണെന്നാണ് പാട്ടിദാർ സമിതി പ്രവർത്തകരുടെ ആരോപണം. വരാച്ചയിൽ വി.എച്ച്.പി നേതാവ് പ്രവീൺ തൊഗാഡിയയുടെ ബന്ധു പ്രഫുൽ തൊഗാഡിയയെയായിരുന്നു കോൺഗ്രസ് തീരുമാനിച്ചിരുന്നത്. ഇദ്ദേഹത്തെയും നീക്കി. പ്രവീൺ തൊഗാഡിയക്കുപകരം ധിരു ഗജേരിയയാണ് മത്സരിക്കുക.
ചൊവ്വാഴ്ച പ്രഖ്യാപിച്ച ലിസ്റ്റിൽ ഒരു മുസ്ലിമും ഒരു വനിതയുമുണ്ട്. ഇതോടെ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിം സ്ഥാനാർഥികളുടെ എണ്ണം നാലും വനിതകൾ മൂന്നുമായി. കോൺഗ്രസുമായി സഖ്യത്തിലായ ഭാരതീയ ട്രൈബൽ പാർട്ടി അഞ്ചുമണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് പാർട്ടി നേതാവ് ചോട്ടുഭായ് വാസവ പറഞ്ഞു.
ഡിസംബർ ഒമ്പതിന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 77 സ്ഥാനാർഥികളുടെ ലിസ്റ്റാണ് ഞായറാഴ്ച രാത്രി കോൺഗ്രസ് പുറത്തുവിട്ടത്. കോൺഗ്രസ് മുന്നണിയിലെ സഖ്യകക്ഷിയായ തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്നാരോപിച്ച് പാട്ടിദാർസമിതി പ്രവർത്തകർ കലാപക്കൊടി ഉയർത്തിയിരുന്നു. സൂറത്തിലെ വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ്, പി.എ.എ.എസ് പ്രവർത്തകർ ഏറ്റുമുട്ടുകയും വരാച്ചയിലെ കോൺഗ്രസ് ഒാഫിസ് ആക്രമിക്കുകയും ചെയ്തിരുന്നു. ആദ്യഘട്ട തെരഞ്ഞെടുപ്പിന് പത്രിക സമർപ്പിക്കാനുള്ള അവസാനദിവസം ചൊവ്വാഴ്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.