ജനസംഘം സ്ഥാപകൻ മുസ്ലിം ലീഗുമായി അധികാരം പങ്കിട്ടു -കോൺഗ്രസ്
text_fieldsന്യൂഡൽഹി: തങ്ങളുടെ പ്രകടനപത്രികയിൽ മുസ്ലിം ലീഗിന്റെ മുദ്രയാണുള്ളതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തോട് രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ്. പ്രധാനമന്ത്രിക്ക് സ്വന്തം ചരിത്രം പോലും അറിയില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
1940കളിൽ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജി ബംഗാളിൽ മുസ്ലിം ലീഗിനൊപ്പം സഖ്യസർക്കാറിൽ അംഗമായിരുന്നെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. സിന്ധിലും വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലും മുസ്ലിം ലീഗിനൊപ്പം ഹിന്ദു മഹാസഭ അധികാരം പങ്കിട്ടിട്ടുണ്ട്. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിൽ വിശ്വസിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നത് ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ അന്തസ്സും ജനാധിപത്യവും തകർക്കുകയാണെന്നും പ്രതിപക്ഷ നേതാക്കളെ ബി.ജെ.പിയിൽ ചേരാൻ നിർബന്ധിക്കുന്നതിന് പലതരത്തിലുള്ള തന്ത്രങ്ങൾ മെനയുകയാണെന്നും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആരോപിച്ചു. കഴിഞ്ഞ 10 വർഷമായി തൊഴിലില്ലായ്മ, പണപ്പെരുപ്പം, സാമ്പത്തിക പ്രതിസന്ധി, അസമത്വം എന്നിവ വർധിക്കാനിടയാക്കിയ സർക്കാറിന്റെ കൈകളിലാണ് രാജ്യമെന്നും ജയ്പൂരിൽ തെരഞ്ഞെടുപ്പ് പരിപാടിയെ അഭിസംബോധന ചെയ്ത് സോണിയ പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലാണ്. ജനാധിപത്യ സ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുകയും ഭരണഘടന മാറ്റാൻ ഗൂഢാലോചന നടത്തുകയും ചെയ്യുന്നു. ഇത് സ്വേച്ഛാധിപത്യമാണ്. ഇതിന് ജനങ്ങൾ മറുപടി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. തങ്ങളുടെ പ്രകടനപത്രികരാജ്യത്തിന്റെ ശബ്ദമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.