കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കും; ചരിത്ര തീരുമാനമെന്ന് രാഹുൽ
text_fieldsന്യൂഡൽഹി: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കാൻ തീരുമാനിച്ചതായി രാഹുൽ ഗാന്ധി എം.പി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
‘കോൺഗ്രസ് പ്രവർത്തക സമിതി ഒരു ചരിത്ര തീരുമാനമെടുത്തു. ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, കർണാടക, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഞങ്ങളുടെ മുഖ്യമന്ത്രിമാർ ജാതി സെൻസസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനുള്ള പുരോഗമനപരമായി ചുവടുവെപ്പാണിത്’, രാഹുൽ വിശദീകരിച്ചു.
രാജ്യത്തിന്റെ പുരോഗതിക്ക് ജാതി സെൻസസ് അനിവാര്യമാണ്. ‘ഇൻഡ്യ’ മുന്നണിയിലെ മിക്ക പാർട്ടികൾക്കും ഇതിൽ അനുകൂല നിലപാടാണ്. ചില പാർട്ടികൾക്ക് എതിർപ്പുണ്ടെങ്കിലും അത് ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജാതിയുടെയോ മതത്തിന്റെയോ പരിഗണനയിലല്ല ഈ ഉദ്യമം. മറിച്ച്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പാവപ്പെട്ടവർക്ക് പ്രയോജനപ്പെടാൻ വേണ്ടിയുള്ളതാണ്. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്താൻ ബി.ജെ.പിയെ സമ്മർദത്തിലാക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. ബി.ജെ.പിക്ക് കഴിയില്ലെങ്കിൽ, ഇക്കാര്യത്തിൽ നേതൃത്വം നൽകാനുള്ള അധികാരം കോൺഗ്രസിന് നൽകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്രസിന് നിലവിലുള്ള നാല് മുഖ്യമന്ത്രിമാരിൽ മൂന്നുപേരും ഒ.ബി.സി വിഭാഗത്തിൽനിന്നുള്ളവരാണ്. എന്നാൽ, ബി.ജെ.പിക്കുള്ള 10 മുഖ്യമന്ത്രിമാരിൽ ഒരാൾ മാത്രമാണ് ഒ.ബി.സി വിഭാഗത്തിൽനിന്നുള്ളത്. പ്രധാനമന്ത്രി ഒ.ബി.സി വിഭാഗങ്ങൾക്കായി ഒന്നും ചെയ്യുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ബിഹാറിൽ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടതിന് പിറകെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ജാതി സെൻസസ് നടപ്പാക്കാൻ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.