യു.പിയിൽ എസ്.പിയും ബി.എസ്.പിയുമായും സഖ്യമില്ലെന്ന് കോൺഗ്രസ്; പ്രിയങ്കയെ മുൻനിർത്തി തെരഞ്ഞെടുപ്പ് നേരിടും
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയായും ബഹുജൻ സമാജ്വാദിയായുമുള്ള സഖ്യസാധ്യത തള്ളി കോൺഗ്രസ്. യു.പിയിൽ ചെറുപാർട്ടികളുമായി കൈകോർക്കുമെന്നും വലിയ പാർട്ടികളുമായി ഒരുമിച്ച് പ്രവർത്തിക്കുന്ന കാര്യം ചിന്തിച്ചിട്ടുപോലുമില്ലെന്നും കോൺഗ്രസ് നേതാവ് അജയ് കുമാർ ലല്ലു പറഞ്ഞു.
ഉത്തർപ്രദേശിൽ 32വർഷം ബി.ജെ.പിയും എസ്.പിയും ബി.എസ്.പിയും മാറി ഭരിച്ചു. കോൺഗ്രസ് ഇതുവരെ അധികാരത്തിലെത്തിയിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ ഇവർ പരാജയപ്പെട്ടു. സംസ്ഥാനത്ത് കോൺഗ്രസ് തിരിച്ചുവരവിന് ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിനെ വിലയിരുത്തുന്ന എല്ലാവരുടെയും അഭിപ്രായം അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെപിയുടെ മുഖ്യഎതിരാളിയായി കോൺഗ്രസ് വരുമെന്നതാണ്. അതിൽ പാർട്ടി ആത്മവിശ്വാസവും പ്രകടിപ്പിക്കുന്നു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വിജയം നേടുകയും അടുത്ത സർക്കാർ രൂപവത്കരിക്കുകയും ചെയ്യും -അദ്ദേഹം കൂട്ടിച്ചേർത്തു.
2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.പിയും ബി.ജെ.പിയും തമ്മിലാകും മത്സരമെന്ന അഭിപ്രായങ്ങൾ മാധ്യമ സൃഷ്ടികളാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എസ്.പിയും ബി.എസ്.പിയും കോൺഗ്രസുമായുള്ള സഖ്യസാധ്യത തള്ളികളഞ്ഞിരുന്നു. ചെറുപാർട്ടികളുമായി ചേർന്ന് മത്സരിക്കുമെന്ന് എസ്.പിയുടെ അഖിലേഷ് യാദവ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഒറ്റക്ക് ബി.ജെ.പിയെ നേരിടുമെന്നായിരുന്നു ബി.എസ്.പിയിലെ മായാവതിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.