വയനാട്ടിൽ രാഹുൽ മത്സരിക്കാൻ ഇൻഡ്യ സഖ്യം തടസ്സമല്ലെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുകയോ മാറുകയോ ചെയ്യുന്നത് ഇടതുപക്ഷം പ്രത്യേക വിഷയമാക്കേണ്ട കാര്യമില്ലെന്ന സൂചനയുമായി കോൺഗ്രസ്. ഇടതു പാർട്ടികൾ ഇൻഡ്യ കൂട്ടായ്മയുടെ ഭാഗമാണെന്നുകരുതി അതിലെ പങ്കാളികൾ വ്യത്യസ്ത സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് കേരളത്തിൽ പരസ്പരം മത്സരിക്കില്ല എന്ന് അർഥമില്ലെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസും ഇടതും സഖ്യത്തിലാണ്. എന്നാൽ, കേരളത്തിൽ എക്കാലവുമെന്നപോലെ തുടർന്നും തെരഞ്ഞെടുപ്പിൽ പരസ്പരം പോരാടും -അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട്ടിൽ ആനി രാജയെ സി.പി.ഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി വയനാട്ടിൽതന്നെ മത്സരിക്കുമോ എന്ന ചോദ്യത്തിന്, അത് ആ പാർട്ടി എടുക്കേണ്ട തീരുമാനമാണെന്ന് ആനി രാജ പറഞ്ഞിരുന്നു.
വയനാട്ടിൽ രാഹുൽ വീണ്ടും മത്സരിക്കണമോ വേണ്ടയോ എന്നകാര്യത്തിൽ കോൺഗ്രസ് അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. അതിനിടെയാണ് അഭിപ്രായപ്രകടനങ്ങൾ. രാഹുലിനെ കർണാടകയും തെലങ്കാനയും വിളിക്കുന്നുണ്ട്. വയനാട്ടിൽ വീണ്ടും മത്സരിച്ചാൽ ദേശീയതലത്തിൽ ഇൻഡ്യക്കെതിരെ ബി.ജെ.പി ആയുധമാക്കുമെന്ന വിഷയം കോൺഗ്രസിനു മുന്നിലുണ്ട്. മുസ്ലിംലീഗുമായുള്ള കോൺഗ്രസിന്റെ സഖ്യത്തെ വർഗീയച്ചുവയോടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ദേശീയതലത്തിൽ ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു.
ഈ വിഷയങ്ങൾക്കൊപ്പം, വീണ്ടും കേരളത്തിൽ മത്സരിച്ചാൽ കഴിഞ്ഞ തവണത്തെ തിളക്കം വയനാട്ടിലും കേരളത്തിലും യു.ഡി.എഫിന് കിട്ടുമോ എന്ന ചർച്ചയും കോൺഗ്രസിലുണ്ട്. ഇക്കാര്യങ്ങളെല്ലാം രാഹുലിന്റെ വയനാട്ടിലെ രണ്ടാമൂഴത്തിൽ ഘടകങ്ങളാണ്. അമേത്തിയിൽനിന്ന് പിന്മാറാതെതന്നെ, ഒരു തെക്കേ ഇന്ത്യൻ മണ്ഡലത്തിൽ കൂടി രാഹുൽ മത്സരിക്കുമെന്ന് വ്യക്തമാണ്. അമേത്തിയിൽ വീണ്ടും മത്സരിച്ചില്ലെങ്കിൽ ബി.ജെ.പി അതും ആയുധമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.