ദുരൂഹം, ഉയർന്ന തുക; ഡ്രോൺ ഇടപാടിനെതിരെ കോൺഗ്രസ്
text_fieldsന്യൂഡൽഹി: അമേരിക്കയുമായുള്ള 25,200 കോടി രൂപയുടെ സൈനിക ഡ്രോൺ ഇടപാടിൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ്. റഫാൽ വിമാന ഇടപാടു പോലെ ദുരൂഹവും ഉയർന്ന തുകയുടേതുമാണ് പുതിയ ഡ്രോൺ ഇടപാടെന്ന് കോൺഗ്രസ് ആരോപിച്ചു. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷകാര്യ സമിതി ഔപചാരികമായി അംഗീകരിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ യാത്രയിൽ ഇടപാടുമായി മുന്നോട്ടു പോയതെന്ന് പാർട്ടി വക്താവ് പവൻ ഖേര വാർത്തസമ്മേളനത്തിൽ പറഞ്ഞു.
31 എം.ക്യൂ-9ബി പ്രിഡേറ്റർ ആളില്ലാ ഡ്രോൺ വിമാനങ്ങളാണ് നാവിക സേനക്ക് വേണ്ടി വാങ്ങുന്നത്. ദേശസുരക്ഷയിൽ പ്രധാനമായ സൈനിക ഇടപാട് നിരവധി സംശയങ്ങൾ ഉയർത്തുന്നുണ്ടെന്ന് ഖേര പറഞ്ഞു. റഫാൽ ഇടപാടിലും മോദി സർക്കാറിന്റെ നടപടികൾ സുതാര്യമായിരുന്നില്ല. റഫാൽ ഇടപാടിനെക്കുറിച്ച് ഇപ്പോഴും ഫ്രാൻസിൽ പരിശോധനകൾ നടന്നു വരുകയാണെന്നും പവൻ ഖേര പറഞ്ഞു. മറ്റു രാജ്യങ്ങൾ വാങ്ങുന്നതിനേക്കാൾ നാലിരട്ടി വില കൊടുത്താണ് ഇന്ത്യ ഡ്രോൺ വാങ്ങുന്നതെന്ന് പവൻ ഖേര പറഞ്ഞു. ഒരു ഡ്രോണിന് ശരാശരി 880 കോടി രൂപ വില വരുന്നുണ്ട്.
ഡ്രോൺ ഇടപാടിന്റെ ചെലവും വ്യക്തമായ നിബന്ധനകളും അന്തിമമായി രൂപപ്പെടുത്തിട്ടില്ലെന്ന വിശദീകരണവുമായി ഞായറാഴ്ച പ്രതിരോധ മന്ത്രാലയം രംഗത്തു വന്നിരുന്നു. വാങ്ങൽ നടപടി പൂർത്തിയാക്കുന്നതിനു മുമ്പ് നിർമാതാക്കൾ മുന്നോട്ടു വെക്കുന്ന യോജിച്ച വില ഏതെന്ന് പരിശോധിക്കും.
അമേരിക്കയുടെ നയപരമായ അംഗീകാരമായ ശേഷം മാത്രമാണ് വിലയെക്കുറിച്ച് ചർച്ച നടക്കുകയെന്നും പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.