രാഹുലിന്‍റെ മണിപ്പൂർ സന്ദർശനത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ്; ‘വിമർശിക്കുന്നവർ ആദ്യം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം’
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനത്തിനെതിരെ ബി.ജെ.പി പ്രതിഷേധം ഉയർത്തുന്നതിനിടെ നിലപാടിൽ ഉറച്ച് കോൺഗ്രസ്. രാഹുലിനെ വിമർശിക്കുന്നവർ ആദ്യം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്നും മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രാഹുലിന്‍റെ സന്ദർശന വിവരം ട്വീറ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. മണിപ്പൂർ രണ്ട് മാസമായി കത്തിക്കൊണ്ടിരിക്കുകയാണ്, സംഘട്ടനത്തിൽ നിന്ന് സമാധാനത്തിലേക്ക് നീങ്ങാൻ സമൂഹത്തിന് ഒരു രോഗശാന്തി സ്പർശം അത്യന്താപേക്ഷിതമാണ്. ഇതൊരു മാനുഷിക ദുരന്തമാണെന്നും വിദ്വേഷത്തിന് പകരം സ്നേഹം ശക്തിപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടുന്നു.
രാഹുലിന്‍റെ സന്ദർശനത്തിനെതിരെ ബി.ജെ.പി സംസ്ഥാന നേതൃത്വമാണ് രംഗത്തെത്തിയത്. രാഹുലിന്‍റെ സന്ദർശനം വഴി സംഘർഷം വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാന നേതൃത്വം വിമർശിക്കുന്നു. ഇക്കാര്യത്തിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
സർവകക്ഷി സംഘത്തെ മണിപ്പൂരിലേക്ക് അയക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെ തുടർന്നാണ് രാഹുൽ ഗാന്ധി ഒറ്റക്ക് കലാപബാധിത സംസ്ഥാനം സന്ദർശിക്കാൻ തീരുമാനിച്ചത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ മണിപ്പൂരിലെത്തുന്ന രാഹുൽ വിവിധ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവരെ സന്ദർശിക്കും. ഇംഫാൽ, ചുരാചന്ദ്പുർ എന്നിവിടങ്ങളിൽ പൗരസമൂഹ പ്രവർത്തകരെയും രാഹുൽ കാണും.
അതേസമയം, രാഹുലിന്‍റെ മണിപ്പൂർ സന്ദർശനത്തിന് പൂർണാനുമതി ലഭിക്കാൻ ഇടയില്ലെന്നാണ് റിപ്പോർട്ട്. സംഘർഷ മേഖലകളിലേക്ക് നേതാക്കളുടെ യാത്രകൾ ഇതുവരെ അനുവദിച്ചു തുടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.