നേതാക്കളുടെ കൂറുമാറ്റം: ഐക്യശ്രമം തുടരുമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾ തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറുന്നതിെൻറ ഞെട്ടൽ ബാക്കിനിൽെക്ക, ബി.ജെ.പിയെ നേരിടുന്നതിൽ പ്രതിപക്ഷ ഐക്യത്തിനായി പരിശ്രമം തുടരുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്.
പാർലമെൻറ് സമ്മേളനത്തിലേക്കുള്ള തയാറെടുപ്പിന് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ നടന്ന എം.പിമാരുടെ യോഗത്തിനുശേഷമാണ് ഈ പ്രഖ്യാപനം. ഏറെ പ്രധാനമായ വിഷയങ്ങൾ സർക്കാറിനെതിരെ പാർലമെൻറിൽ ഉയർത്തുന്നതിന് കഴിഞ്ഞ സഭാസമ്മേളനത്തിലെന്നപോലെ, തൃണമൂൽ കോൺഗ്രസ് അടക്കം എല്ലാ പ്രതിപക്ഷ പാർട്ടികളുമായും ഒത്തൊരുമിച്ചു മുന്നോട്ടു നീങ്ങുന്നതിന് കോൺഗ്രസ് ശ്രമിക്കുകയാണെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
കാർഷിക വിളകൾക്ക് മിനിമം താങ്ങുവില നിയമം, ഇന്ധന വിലക്കയറ്റം, അതിർത്തി പ്രശ്നം തുടങ്ങി സുപ്രധാന വിഷയങ്ങൾ പലതുണ്ട്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടേണ്ട സമയമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മേഘാലയയിൽ മുൻമുഖ്യമന്ത്രി മുകുൾ സാങ്മ അടക്കം കോൺഗ്രസിെൻറ 17ൽ 12 എം.എൽ.എമാരും കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതടക്കമുള്ള സാഹചര്യങ്ങൾ കോൺഗ്രസ് നേതൃയോഗം ചർച്ച ചെയ്തു.
ഡൽഹിയിൽ എത്തിയ തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി കഴിഞ്ഞ ദിവസം നടത്തിയ പരാമർശം കോൺഗ്രസ് നേതാക്കൾക്കിടയിൽ സജീവ ചർച്ചയാണ്. ഡൽഹിയിൽ വരുേമ്പാഴെല്ലാം എന്തിനു സോണിയയെ കാണണം, ഭരണഘടന പദവിയിലൊന്നുമല്ലെന്നാണ് കഴിഞ്ഞ ദിവസം മമത പറഞ്ഞത്. വ്യാഴാഴ്ച സുബ്രഹ്മണ്യൻ സ്വാമിയെയും മറ്റും കണ്ടെങ്കിലും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചക്ക് മമത താൽപര്യമെടുത്തില്ല.
മേഘാലയ: സ്വന്തം കഴിവില്ലായ്മക്ക് കോൺഗ്രസ് ഞങ്ങളെ പഴി പറയുന്നു –തൃണമൂൽ
കൊൽക്കത്ത: പാർട്ടിയുടെ കഴിവില്ലായ്മയും മത്സരക്ഷമതയില്ലായ്മയും കാരണം നേതാക്കൾ കോൺഗ്രസ് വിടുന്നതിന് തങ്ങളെ പഴിച്ചിട്ടു കാര്യമില്ലെന്ന തുറന്ന വിമർശനവുമായി തൃണമൂൽ കോൺഗ്രസ്. മേഘാലയയിൽ കോൺഗ്രസിെൻറ 17ൽ 12 എം.എൽ.എമാർ തൃണമൂലിലേക്ക് കൂടുമാറുകയാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കടുത്ത കോൺഗ്രസ് വിമർശനവുമായി തൃണമൂൽ രംഗത്തുവന്നത്. വിഭാഗീയ ശക്തികളോട് പൊരുതാൻ കോൺഗ്രസിന് കെൽപില്ലെന്ന് ആരോപിച്ചാണ് മേഘാലയയിൽ മുകുൾ സാംഗ്മയുടെ നേതൃത്വത്തിൽ എം.എൽ.എമാർ തൃണമൂലിലേക്ക് കൂറു മാറിയത്.
അതേസമയം, വിൻസൻറ് എച്ച്. പാലയെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കിയതാണ്, 2010-18 കാലത്ത് മുഖ്യമന്ത്രിയായിരുന്ന സാംഗ്മയുടെ കൂടുമാറ്റത്തിെൻറ യഥാർഥ കാരണമെന്ന് സൂചനയുണ്ട്. എന്നിരുന്നാലും ബി.ജെ.പിയോട് നേരെനിന്ന് ഏറ്റുമുട്ടാൻ കെൽപുള്ള നേതാവ് എന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കുറിച്ചുള്ള വിശേഷണത്തിന് ഇതോടെ മാറ്റു കൂടിയിരിക്കുകയാണ്.
ഒപ്പം, തൃണമൂലിെൻറ സാന്നിധ്യം ദേശീയതലത്തിൽ വ്യാപിപ്പിക്കാൻ മമതയെ സഹായിക്കുന്ന രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിെൻറ ഇമേജും വർധിച്ചിട്ടുണ്ട്. 2018ൽ 21 അംഗങ്ങളുമായി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും ഭരണം പിടിക്കുന്നതിൽ കോൺഗ്രസ് ഹൈകമാൻഡ് ദയനീയമായി പരാജയപ്പെട്ടുവെന്നും സാംഗ്മ ആരോപിച്ചു.
തൃണമൂലിൽ ചേരുന്നതായി 12 എം.എൽ.എമാരും സ്പീക്കറെ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ നേതാക്കന്മാരെ തൃണമൂൽ ചാക്കിട്ടുപിടിക്കുകയാണെന്നും ഇത് ബി.ജെ.പിക്കാണ് ഗുണകരമാകുന്നതെന്നുമുള്ള പ്രസ്താവനയുമായി രംഗത്തുവന്ന കോൺഗ്രസിനെ തൃണമൂൽ മുഖപത്രമായ 'ജാഗോ ബംഗ്ല' പരിഹസിച്ചു. എ.സി മുറികളിലും സമൂഹമാധ്യമങ്ങളിലും ഇരുന്ന് കോൺഗ്രസ് പാർട്ടി പ്രവർത്തനം നടത്തുേമ്പാൾ തെരുവിൽ ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുകയാണ് തൃണമൂലെന്നും പത്രം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.