നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റികളായി; തെലങ്കാനയുടെ ചുമതല കെ. മുരളീധരന്
text_fieldsന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളില്‍ സ്‌ക്രീനിങ് കമ്മിറ്റികളെ നിയോഗിച്ച് കോണ്‍ഗ്രസ്. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലേക്കാണ് സ്‌ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചത്.
കേരളത്തില്‍നിന്നുള്ള കെ. മുരളീധരൻ എം.പിയാണ് തെലങ്കാനയിലെ സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍. ഗുജറാത്തില്‍നിന്നുള്ള യുവനേതാവ് ജിഗ്നേഷ് മേവാനിയും മഹാരാഷ്ട്രയില്‍നിന്നുള്ള ബാബാ സിദ്ദിഖും അംഗങ്ങളാണ്. ഇവരെക്കൂടാതെ പി.സി.സി. അധ്യക്ഷന്‍ എ. രേവന്ത് റെഡ്ഡി എം.പി, സഭാകക്ഷിനേതാവ് മല്ലു ഭട്ടി വിക്രമാര്‍ക്ക, സംസ്ഥാനത്തിന്റെ ചുമതലയുള്ള മണിക്റാവു താക്കറെ, എന്‍. ഉത്തംകുമാര്‍ റെഡ്ഡി എം.പി എന്നിവര്‍ എക്‌സ് ഓഫിഷ്യോ അംഗങ്ങളാണ്.
ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവായ അസമില്‍നിന്നുള്ള ഗൗരവ് ഗൊഗോയി ആണ് രാജസ്ഥാനിലെ സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍. ഗണേഷ് ഗോദിയാല്‍, അഭിഷേക് ദത്ത് എന്നിവരാണ് അംഗങ്ങള്‍. പി.സി.സി പ്രസിഡന്റ് ഗോവിന്ദ് സിങ് ദൊത്തസാര, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ, സച്ചിന്‍ പൈലറ്റ്, സി.പി. ജോഷി എന്നിവര്‍ എക്‌സ്-ഒഫീഷ്യോ അംഗങ്ങളാണ്.
ജിതേന്ദ്ര സിങ്ങിനാണ് മധ്യപ്രദേശിന്റെ ചുമതല. അജയ് കുമാര്‍ ലല്ലു, സപ്തഗിരി ഉലക എന്നിവരാണ് അംഗങ്ങള്‍. കമല്‍നാഥ്, ദ്വിഗ് വിജയ് സിങ്, ഗോവിന്ദ് സിങ്, ജെ.പി. അഗര്‍വാള്‍, കാന്തിലാല്‍ ഭൂരിയ, കമലേശ്വര്‍ പട്ടേല്‍ എന്നിവർ എക്‌സ് ഒഫീഷ്യോ അംഗങ്ങളാണ്.
ഛത്തീസ്ഗഢിന്റെ ചുമതല മുൻ കേന്ദ്രമന്ത്രി അജയ് മാക്കൻ വഹിക്കും. ഡോ. എല്‍. ഹനുമന്തയ്യ, മഹിള കോൺഗ്രസ് പ്രസിഡന്റ് നെറ്റ ഡിസൂസ എന്നിവർ അംഗങ്ങളാണ്. എക്‌സ് ഓഫീഷ്യോ അംഗങ്ങളായി പി.സി.സി പ്രസിഡന്റ് ദീപക് ഭയ്ജ്, ഭൂപേഷ് ബാഘേല്‍, കുമാരി സെല്‍ജ, ടി.എസ്. സിങ്‌ദിയോ എന്നിവരുമുണ്ട്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിമാരും എക്‌സ്- ഓഫിഷ്യോ അംഗങ്ങളാണ്.
രാജസ്ഥാൻ, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഈ വർഷം അവസാനമാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജസ്ഥാനിലും ഛത്തിസ്ഗഢിലും അധികാരം നിലനിർത്താനും തെലങ്കാനയിലും മധ്യപ്രദേശിലും ഭരണം തിരിച്ചുപിടക്കാനുമാണ് പാർട്ടി ശ്രമം. എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.