കർണാടകയിൽ ‘ഇൻഡ്യ’ പിന്തുണ തേടി കോൺഗ്രസ്
text_fieldsബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ ‘ഇൻഡ്യ’ സഖ്യകക്ഷികളുടെ പിന്തുണ കോൺഗ്രസിന് ലഭിക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്ന് ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 10 കക്ഷികളിൽ ഓരോന്നിനും എത്ര വോട്ടുകൾ എന്നതല്ല ഒരു ബ്ലോക്കാവുകയാണ് ലക്ഷ്യം.
ബി.ജെ.പിക്ക് എതിരായ നിലപാടുള്ളവരുടെ യോജിച്ച മുന്നേറ്റമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ചെറുതായി കരുതുന്ന വോട്ടുകൾ വലിയ വിജയത്തിന് വഴിവെക്കാം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെ.ഡി.എസും സഖ്യമായാണ് മത്സരിച്ചത്. തുമകൂറു മണ്ഡലത്തിൽ മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് ദേശീയ ചെയർമാനുമായ എച്ച്.ഡി. ദേവഗൗഡ 12,000 വോട്ടുകൾക്കാണ് ബി.ജെ.പിയോട് പരാജയപ്പെട്ടത്. സി.പി.ഐയുടെ എൻ. ശിവണ്ണ 17,227 വോട്ടുകൾ നേടിയ കാര്യം ഓർക്കണമെന്ന് ശിവകുമാർ പറഞ്ഞു.
ഇൻഡ്യ കക്ഷികളുടെ ഏകോപനത്തിന് തെരഞ്ഞെടുപ്പിലുള്ള പ്രാധാന്യമാണ് ഇത് സൂചിപ്പിക്കുന്നത്. 20 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയം ഉറപ്പിക്കാൻ ‘ഇൻഡ്യ’ മുന്നേറ്റത്തിലൂടെ സാധിക്കും.
ഇലക്ടറൽ ബോണ്ട് എന്ന വൻ അഴിമതിയിൽ ബി.ജെ.പിയുടെ കൃത്യമായ പ്രതികരണം ഇതുവരെയുണ്ടായിട്ടില്ല. പ്രതിപക്ഷ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുകയാണവർ. ഇതിനെല്ലാം പ്രധാനമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.