നഡ്ഡയുടെ തട്ടകം പിടിച്ചെടുത്ത് കോൺഗ്രസ്; കിങ് മേക്കറായി പ്രിയങ്ക ഗാന്ധി
text_fieldsന്യൂഡൽഹി: ഗുജറാത്തിൽ പാർട്ടി തകർന്നടിഞ്ഞെങ്കിലും ഹിമാചൽപ്രദേശിലെ തിരിച്ചുവരവാണ് കോൺഗ്രസിന് ആശ്വസിക്കാൻ വക നൽകുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് സംസ്ഥാനത്ത് പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകിയത്.
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ സ്വന്തം തട്ടകമായ ഹിമാചലിൽ ബി.ജെ.പിയെ മലർത്തിയടിച്ച് കോൺഗ്രസ് നേടിയ വിജയത്തിലൂടെ കിങ് മേക്കറായി മാറുകയാണ് പ്രിയങ്ക ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ തിരക്കിലായതിനാൽ സഹോദരൻ രാഹുല്‍ ഗാന്ധി ഹിമാചലിൽ പ്രചാരണത്തിന് എത്തിയിരുന്നില്ല. മുൻ അധ്യക്ഷയും മാതാവുമായ സോണിയ ഗാന്ധി അനാരോഗ്യത്തെ തുടർന്ന് വീട്ടിൽ തന്നെ കഴിയുകയായിരുന്നു.
അതിനാൽ ഹിമാചലിൽ കോൺഗ്രസിന്റെ താരപ്രചാരക പ്രിയങ്ക ഗാന്ധിയായിരുന്നു. നിലവിലെ കണക്കുകൾ അനുസരിച്ച് ആകെയുള്ള 68 മണ്ഡലങ്ങളിൽ 37 സീറ്റുകളിൽ കോൺഗ്രസ് ജയിച്ചു. രണ്ടു സീറ്റുകളിൽ പാർട്ടി സ്ഥാനാർഥികൾ മുന്നിലാണ്. ബി.ജെ.പി 23 സീറ്റുകളിൽ ജയിക്കുകയും മൂന്നു സീറ്റുകളിൽ ലീഡ് ചെയ്യുകയും ചെയ്യുന്നു. മറ്റുള്ളവർ മൂന്നു സീറ്റുകളിൽ ജയിച്ചു.
കേവല ഭൂരിപക്ഷത്തിന് 35 സീറ്റുകളാണ് വേണ്ടത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 45 സീറ്റുകളും കോൺഗ്രസ് 22 സീറ്റുകളുമാണ് നേടിയത്. 1985 മുതൽ ബി.ജെ.പിയെയും കോൺഗ്രസിനെയും മാറി മാറി പരീക്ഷിക്കുന്നതാണ് ഹിമാചൽ വോട്ടർമാരുടെ പതിവ്. ആ പതിവിന് ഇത്തവണ മാറ്റം വരുമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി മത്സര രംഗത്തിറങ്ങിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തന്ത്രങ്ങളും സംസ്ഥാനത്ത് തുടർ ഭരണം നൽകുമെന്ന ആത്മവിശ്വാസത്തിൽ തന്നെയായിരുന്നു ബി.ജെ.പി. എന്നാൽ, പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ പ്രചാരണത്തിൽ ബി.ജെ.പി പ്രതീക്ഷകളെല്ലാം ഒഴുകിപ്പോയി. ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങൾക്കു പിന്നാലെ ഹിമാചലിലും ചുവടുറപ്പിക്കാനായിരുന്നു ആം ആദ്മി പാർട്ടിയുടെ നീക്കം. എന്നാൽ, ഒരു സീറ്റിൽ പോലും ജയിക്കാനാകാതെ ആപ് അമ്പേ പരാജയപ്പെട്ടു.
കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ പ്രചാരണത്തിന് നേതൃതം നൽകിയത് പ്രിയങ്ക ഗാന്ധിയായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ പാർട്ടി രണ്ടു സീറ്റിലൊതുങ്ങി. ഇതു പ്രിയങ്കയുടെ പ്രതിച്ഛായക്ക് വലിയ മങ്ങലേൽപ്പിച്ചിരുന്നു. ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കുമെന്നും അന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2017ൽ യു.പിയില്‍ ഏഴു സീറ്റാണ് കോൺഗ്രസ് നേടിയത്.
ഹിമാചലിൽ പാർട്ടിയെ തിരിച്ചുകൊണ്ടുവന്നതിലൂടെ ദേശീയ കോൺഗ്രസിന്‍റെ മുഖമായി മാറുകയാണ് പ്രിയങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.