നാഷനൽ ഹെറാൾഡ് കേസ്: 752 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയത് ശരിവെച്ചു
text_fieldsന്യൂഡൽഹി: കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള നാഷനൽ ഹെറാൾഡ് ദിനപത്രത്തിന്റെ 752 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത് ശരിവെച്ച് കള്ളപ്പണം തടയൽ നിയമം തീർപ്പാക്കൽ സമിതി (പി.എം.എൽ.എ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി).
കഴിഞ്ഞ വർഷം ഇ.ഡി കണ്ടുകെട്ടിയ ആസ്തികളും ഓഹരികളും കുറ്റകൃത്യത്തിൽനിന്നുള്ള വരുമാനമാണെന്നും കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ടതാണെന്നും വിശ്വസിക്കുന്നതായി അതോറിറ്റി ഉത്തരവിൽ പറഞ്ഞു.
അതോറിറ്റിയുടെ തീരുമാനം കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്. നാഷനൽ ഹെറാൾഡിന്റെ പബ്ലിഷർമാരായ അസോസിയേറ്റഡ് ജേണൽസ്, ഉടമകളായ യങ് ഇന്ത്യൻ എന്നിവരുടെ സ്വത്തുക്കളാണ് കഴിഞ്ഞ നവംബറിൽ കണ്ടുകെട്ടിയത്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും യങ് ഇന്ത്യയുടെ പ്രധാന ഓഹരിയുടമകളാണ്.
കേസ് അന്വേഷിക്കുന്ന ഇ.ഡി സംഘം രണ്ട് വർഷം മുമ്പ് സോണിയ ഗാന്ധിയെ മൂന്ന് ദിവസവും രാഹുൽ ഗാന്ധിയെ അഞ്ച് ദിവസവും ചോദ്യംചെയ്തിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ ട്രഷറർ പവൻകുമാർ ബൻസൽ എന്നിവരെ ഒന്നിലേറെ തവണയും ചോദ്യംചെയ്തു. ഡൽഹിയിലെ ഹെറാൾഡ് ഹൗസ്, മുംബൈ, ലഖ്നോ എന്നിവിടങ്ങളിലെ ഭൂമിയും കെട്ടിടവുമടക്കമുള്ള സ്വത്തുക്കൾ ഇ.ഡിക്ക് ഇനി കൈവശപ്പെടുത്താം.
വിചാരണ കോടതി കേസ് ഇ.ഡിക്ക് അനുകൂലമായി വിധിച്ചാൽ ഈ സ്വത്തുക്കൾ അന്തിമമായും കണ്ടുകെട്ടാം. 2014 ജൂൺ 26നാണ് നാഷനൽ ഹെറാൾഡിന്റെ ക്രമക്കേടുകൾ ആരോപിച്ചുള്ള സ്വകാര്യ ഹരജിയിൽ ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസെടുക്കാൻ നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.